തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് പൂർത്തിയായത്. എന്നാൽ എപ്പോഴാണ് വിധി വരുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രോസിക്യൂഷനോട് ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷമായിരിക്കുമോ ഉത്തരവ് എന്നതിലും വ്യക്തതയില്ല. അതേ സമയം, ഉത്തരവ് വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. നിരവധി രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിശോധനകൾ പൂർത്തിയായാൽ ഉത്തരവ് ഇന്നുണ്ടാകും. അല്ലെങ്കിൽ നാളെ എന്നാണ് പുറത്തുവരുന്ന സൂചന. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ പരാതി കോണ്‍ഗ്രസ് നേതൃത്വം ഡിജിപിക്ക് കൈമാറി. സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക സംഘത്തിന് ഡിജിപി കൈമാറിയിരിക്കുകയാണ്.

