ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണവിലയും കുതിച്ചുയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന്റെ വില 520 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയും ഇന്ന് വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 11970 രൂപയായി. ഒരു പവന് ഇന്ന് 95760 രൂപയും നല്‍കേണ്ടി വരും.ഒരു ഡോളറിന് തൊണ്ണൂറ് രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരവും കടന്ന് രൂപ കൂടുതല്‍ ആഴങ്ങളിലേക്ക് വീഴുകയാണ്. ആര്‍ബിഐ ഡോളര്‍ വിറ്റഴിച്ച് വീഴ്ചയെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പണം പിന്‍വലിച്ചതും ഇന്ത്യ- അമേരിക്ക വ്യാപാര കരാറിനെപ്പറ്റിയുള്ള അനിശ്ചിതത്വവുമാണ് രൂപയുടെ മൂല്യത്തകര്ച്ചയ്ക്കിടയാക്കിയത്. ഈ ഘടകങ്ങളെല്ലാം സംസ്ഥാനത്തെ സ്വര്ണവിലയേയും ബാധിച്ചിട്ടുണ്ട്.

