തിരുവനന്തപുരം: ശബരിമലയിലെ അന്നദാന മെനുവില്‍ മാറ്റം വരുത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു. മുന്‍പ് ശബരിമലയില്‍ അന്നദാനത്തിന് പുലാവും സാമ്പാറുമായിരുന്നുവെന്നും അത് മാറ്റി സദ്യയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശബരിമലയിലെ അന്നദാനത്തില്‍ ഒരു നല്ല തീരുമാനം എടുത്തു. നേരത്തെ ഉണ്ടായിരുന്ന മെനുവില്‍ ഉച്ചയ്ക്ക് പുലാവും സാമ്പാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കണമെന്ന് തീരുമാനം എടുത്തിരിക്കുകയാണ്. വെറും സദ്യയല്ല. പപ്പടവും പായസവുമെല്ലാമുള്ള സദ്യ. കാരണം ഇത് ദേവസ്വം ബോര്‍ഡിന്റെ പണമല്ല. അയ്യപ്പന്മാര്ക്ക് നല്ല ഭക്ഷണം നല്കാന് ഭക്തജനങ്ങള്‍ നല്കുന്ന പണമാണ്.ബോർഡിൻ്റെ മുൻഗണന അറിയിക്കും. അടുത്ത വർഷത്തെ ശബരിമല സീസൺ അടിസ്ഥാനമാക്കിയാണ് തീരുമാനം. ഡിസംബർ 26 ന് ഫുൾ മാസ്റ്റർ പ്ലാൻ ഹൈ പവർ കമ്മിറ്റി ചേരും. ഒരു വർഷത്തിനുള്ളിൽ മാസ്റ്റർ പ്ലാനിലെ എന്ത് വികസനം പ്രവർത്തനം നടത്താൻ സാധിക്കുമെന്ന് വിലയിരുത്തും. മണ്ഡലകാലം അടുത്തവർഷം കുറ്റമറ്റ രീതിയിൽ നടത്താനുള്ള മുന്നൊരുക്കം ആരംഭിച്ചു.


