കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിവിധ ചുമതലകള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവര്‍ത്തിക്കരുതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് കടമക്കുടി ഡിവിഷനില്‍ നിന്നും മത്സരിച്ച എല്‍സി ജോര്‍ജിന്റെ നാമനിര്‍ദ്ദേശക പത്രിക തള്ളിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പത്രിക നല്കുന്ന വേളയില്‍ പിന്താങ്ങിയ ആളുടെ വോട്ട് സംബന്ധിച്ച സംശയം അപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥിയും ഒപ്പമുള്ളവരും അവിടെ ബോധിപ്പിച്ചതാണ്. രണ്ടുതവണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വോട്ടര്‍പട്ടിക പരിശോധിച്ച ശേഷമാണ് പത്രിക സ്വീകരിച്ചത്. പിന്നീട് വീണ്ടും സംശയം തോന്നി സ്ഥാനാര്‍ത്ഥിയും ഒപ്പമുള്ളവരും കളക്ടറേറ്റില്‍ എത്തിയപ്പോള്‍ അവരെ പൊലീസ് അകത്തേക്ക് കയറ്റി വിട്ടിരുന്നില്ല. ഇതില്‍ നിന്നും ബോധപൂര്‍വ്വമായ ക്രമക്കേട് നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നത് വ്യക്തമാണ്.
ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എറണാകുളം ജില്ലയില്‍ നിലം തൊടില്ലെന്ന് ഇടതുമുന്നണിക്ക് നന്നായി അറിയാം. ആ ധാരണ ഉള്ളതുകൊണ്ടാണ് ഇടത് അനുകൂലികളായ സര്‍വീസ് സംഘടന നേതാക്കളെ വെച്ചുകൊണ്ട് ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ക്ക് ഇടതുമുന്നണി കൂട്ടുനില്‍ക്കുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കുവാനുള്ള ഇത്തരം ശ്രമങ്ങളെ കോണ്‍ഗ്രസ് ഒരു കാരണവശാലും അംഗീകരിക്കുകയില്ല. ജനാധിപത്യത്തെ ഇത്തരത്തില്‍ അധികാരം ഉപയോഗിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കുന്നതിനുള്ള ഇടത് കുതന്ത്രത്തെ പൊതുസമൂഹം തള്ളിക്കളയും. വളരെയധികം ഉത്തരവാദിത്തപ്പെട്ട തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്നും ഇടത് നേതാക്കളെ മാറ്റിനിര്‍ത്തണമെന്നും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശക പത്രിക തള്ളി വിഷയത്തില്‍ നിയമപരമായും രാഷ്ട്രീയപരമായും ഏതറ്റം വരെയും പോകുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.


