പിറവം: വിയര്‍പ്പിന്റെ വിലയറിയുന്ന, മണ്ണിന്റെ മണമുള്ളവനാണ് ജില്ലാ പഞ്ചായത്ത് പാമ്പാക്കുട ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജി രാധാകൃഷ്ണന്. കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച്, ജീവിതാനുഭവങ്ങളുടെ കരുത്തില്‍ പൊതുപ്രവര്‍ത്തന രംഗത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തിയ ആളാണ് കെ.ജി. രാധാകൃഷ്ണനെന്ന 47കാരന്. കാര്‍ഷിക മേഖലയുടെയും ഗ്രാമീണ വികസനത്തിന്റെയും സ്പന്ദനമറിയുന്ന കെ.ജി. രാധാകൃഷ്ണന് പാമ്പാക്കുട ഡിവിഷനില്‍ നിന്നും ജനവിധി തേടുമ്പോള്‍ ആവേശത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.
കാര്‍ഷിക പാരമ്പര്യത്തിന്റെ കരുത്തുമായി…
കല്ലൂര്‍ക്കാട് കോട്ടപ്പുറത്ത് കര്‍ഷകത്തൊഴിലാളിയായ കെ.കെ. ഗോവിന്ദന്റെയും പരേതയായ ലീല ഗോവിന്ദന്റെയും മകനായ രാധാകൃഷ്ണന് കാര്‍ഷിക വൃത്തിയും അതിജീവനത്തിനായുള്ള പോരാട്ടങ്ങളും കേട്ടുകേള്‍വിയല്ല, മറിച്ച് ജീവിതത്തിന്റെ ഭാഗം തന്നെയാണ്. മണ്ണിനോടും മനുഷ്യനോടും ചേര്‍ന്നുനിന്നുള്ള ആ വളര്‍ച്ച തന്നെയാണ് അദ്ദേഹത്തെ ജനകീയനാക്കുന്നത്. സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയ രാധാകൃഷ്ണന്, കേവലം പുസ്തകത്താളുകളിലല്ല, മറിച്ച് കര്‍ഷകന്റെ വിയര്‍പ്പിലാണ് യഥാര്‍ത്ഥ ജീവിതം എന്ന് തിരിച്ചറിഞ്ഞ പൊതുപ്രവര്‍ത്തകനാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നും ഭരണ നൈപുണ്യത്തിലേക്ക്…
മൂവാറ്റുപുഴ നിര്‍മ്മല കോളേജ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളേജ് എന്നിവിടങ്ങളിലെ പഠനകാലം രാധാകൃഷ്ണനിലെ സംഘാടകനെ രാകിമിനുക്കി. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, ബോട്ടണി അസോസിയേഷന് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ തുടങ്ങി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളിലൂടെ പടിപടിയായി ഉയര്‍ന്നുവന്ന രാഷ്ട്രീയ ജീവിതം. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം തന്റെ സംഘാടക മികവ് തെളിയിച്ചു.
അനുഭവ സമ്പത്തോടെ….
ഭരണരംഗത്തെ പരിചയസമ്പത്താണ് രാധാകൃഷ്ണനെ പ്രവര്‍ത്തന മേഖലയില്‍ വേറിട്ടവന്‍ ആക്കുന്നത്. നിലവില്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ അദ്ദേഹം, കഴിഞ്ഞ പത്ത് വര്‍ഷമായി ബ്ലോക്ക് പഞ്ചായത്തില്‍ സജീവ സാന്നിധ്യമാണ്. രണ്ടു ടേമുകളിലായി അംഗമായും, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായും, പിന്നീട് പ്രസിഡന്റായും അദ്ദേഹം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.
കുടുംബം….
വാരപ്പെട്ടി ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളിലെ അധ്യാപികയായ പ്രിയ നാരായണനാണ് ഭാര്യ. കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ദേവനന്ദ കെ.ആര്, വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് ഹൈസ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഗൗതം കൃഷ്ണ എന്നിവര്‍ മക്കളാണ്.


