കണ്ണൂര്: കണ്ണൂര് പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ തലശ്ശേരി അതിവേഗ പോക്സോ കോടതി ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് ശിക്ഷ വിധിക്കും. ശിക്ഷവിധിക്കുന്നതിന് മുമ്പായി ഇന്ന് രാവിലെ നടന്ന അവസാന വാദത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിയുടെ കുടുംബവും പ്രായവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്നാൽ ഉത്തരവാദികൾ മതതീവ്രവാദികൾ എന്നും പ്രതിഭാഗത്തിന്റെ അഭിഭാഷകൻ വാദിച്ചു.
പ്രതിഭാഗത്തിന് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോൾ, പീഡനക്കേസിന് പിന്നിൽ മതതീവ്രവാദം ഉൾപ്പെടെയുള്ള സംഭവങ്ങളുണ്ടെന്ന വാദവുമായി കേസിനെ വഴിതിരിച്ചുവിടാൻ അഭിഭാഷകൻ ശ്രമിക്കുകയായിരുന്നു. പത്മരാജന്റെ ഭാര്യ ആത്മഹത്യ ചെയ്താൽ മതതീവ്രവാദ സംഘടനകളാണ് ഉത്തരവാദികളെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ, ഇത് പോക്സോ കേസാണെന്നും അതിന്റെ മെറിറ്റ് മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി അറിയിച്ചു. കേസ് കെട്ടിച്ചമച്ചതല്ലെന്നും പ്രതിക്കെതിരെ തെളിവുണ്ടെന്നും വിധിയിൽ എതിർപ്പുണ്ടെങ്കിൽ മേൽകോടതിയെ സമീപിക്കാമെന്നും ജഡ്ജി ജലജാറാണി പറഞ്ഞു.


