ആലപ്പുഴ അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകൾ പതിച്ചുണ്ടായ അപകടത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്. നരഹത്യ കുറ്റം ചുമത്തിലായണ് കേസെടുത്തത്. ഹരിപ്പാട് സ്വദേശിയായ പിക്കപ്പ് വാൻ ഡ്രൈവർ രാജേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ടരയ്ക്കായിരുന്നു അപകടം.
പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. അരൂർ – തുറവൂർ ദേശീയപാതയിൽ ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ നിലം പതിക്കുകയായിരുന്നു. റോഡിലൂടെ കടന്നുപോയ പിക്കപ്പ് വാനിന്റെ മുകളിലേക്കാണ് ഗർഡർ വീണത്. പിക്കപ്പ് വാൻ ഡ്രൈവർ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. മൂന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ആണ് പിക്കപ്പ് വാൻ നീക്കി മൃതദേഹം പുറത്തെടുത്തത്. സാങ്കേതിക പ്രശ്നമാണ് അപകടകാരണമെന്ന് സംഭവസ്ഥലം സന്ദർശിച്ച ആലപ്പുഴ ജില്ലാ കലക്ടർ അലക്സ് വർഗീസ് പറഞ്ഞു.
ഹൈഡ്രോളിക് ജാക്കിന്റെ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് കരാർ കമ്പനി അശോക ബിൽഡ് കോണിന്റെ വിശദീകരണം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സംഭവത്തിൽ റിപ്പോർട്ട് തേടി. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി സംസാരിച്ചെന്നും മന്ത്രി അറിയിച്ചു. അതേസമയം നഷ്ടപരിഹാരകാര്യത്തിൽ തീരുമാനമാകാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബം. ദേശീയപാത അതോറിറ്റിയിൽ നിന്നോ സർക്കാരിൽ നിന്നോ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ആരോപണം.


