ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസില്‍ അന്വേഷണം ഊർജിതമാക്കി ദേശീയ അന്വേഷണ ഏജൻസി. ചാവേര്‍ ആക്രമണത്തിന് സാധ്യത കുറവ് എന്നാണ് രഹസ്യാന്വേഷണ ഉന്നത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. സ്ഫോടകവസ്തു അബദ്ധത്തില്‍ പൊട്ടിത്തെറിച്ചിരിക്കാന്‍ സാധ്യത കൂടുതലെന്നാണ് നിഗമനം.
11 മണിക്കൂര്‍ സമയമാണ് സ്ഫോടനം നടത്തിയ കാര്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നത്. കോണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷന് സമീപവും കാര്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങള്‍വ്യക്തമാക്കുന്നു. ഉച്ചക്ക് രണ്ട് മണിക്കാണ് കാര്‍ കോണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷന് സമീപം കണ്ടത്. പാര്‍ക്കിങ്ങില്‍ നിന്നും യു ടേണ്‍ എടുത്താണ് കാര്‍ സിഗ്നലിന് സമീപത്തേക്ക് എത്തിയതെന്ന് വിവരം. തിരക്കേറിയ പല ഇടങ്ങളിലും കാര്‍ സഞ്ചരിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഫരീദാബാദിൽ സ്ഫോടക വസ്തുക്കളുമായി പിടികൂടിയവരുമായി ഉമറിന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം പറയുന്നു. സെപ്തംബറിൽ ഈ വാഹനം ഫരീദാബാദിലും മറ്റിടങ്ങളിലും സഞ്ചരിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണ്. ഫരീദാബാദിലെ സംഘവുമായി ഡൽഹി സ്ഫോടനത്തിന് ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. കുറ്റക്കാരെ വേട്ടയാടി പിടികൂടണമെന്നാണ് അമിത് ഷായുടെ നിർദേശം. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


