തിരുവനന്തപുരം: കേരള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതിയിൽ സംസ്കൃത വിഭാഗം മേധാവി സി.എൻ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തു.പിഎച്ച്ഡി വിദ്യാർഥി വിപിന്റെ പരാതിയിലാണ് കേസ്. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നിൽവച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പിഎച്ച്ഡി വിദ്യാർഥി വിപിൻ വിജയനാണ് പരാതി നല്കിയത്.
ഇന്നലെ വിപിൻ വിജയൻ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. കേസിൽ തുടർ നടപടികൾ നിർണായകമാകും. സി എൻ വിജയകുമാരിയെ ചോദ്യം ചെയ്ത് അറസ്റ്റിലേക്ക് നീങ്ങുമോ അതോ നിയമോപദേശം തേടിയ ശേഷം മാത്രമാകുമോ അറസ്റ്റ് എന്ന കാര്യത്തിൽ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടാണ് മന്ത്രി നിർദ്ദേശിച്ചത്.
നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും വിപിന് പരാതി നൽകിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു. പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി ആര്.ബിന്ദു പ്രതികരിച്ചിരുന്നു. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലർത്തേണ്ട ബാധ്യതയുണ്ട്. മുൻവിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാൻ പാടില്ലാത്തതാണ്. സർക്കാർ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.


