തിരുവനന്തപുരം വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്ന് മദ്യപൻ ചവിട്ടി തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാവിലെ വിദഗ്ധ ഡോക്ടേഴ്സ് സംഘം ശ്രീക്കുട്ടിയെ പരിശോധിക്കും. റിമാൻഡിൽ കഴിയുന്ന പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. കേരള എക്സ്പ്രസ്സിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. പെൺകുട്ടികളെ സുരേഷ് ആക്രമിക്കുന്നത് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ.
പെൺകുട്ടിയെ തള്ളിയിട്ടത് പ്രതിയുടെ പുകവലി ചോദ്യം ചെയ്തതിനെന്നാണ് റിമാൻഡ് റിപ്പോര്‍ട്ട്. പുക വലിച്ചുകൊണ്ട് അടുത്തെത്തിയ സുരേഷിനോട് കുട്ടി മാറിനിൽക്കാൻ ആവശ്യപ്പെട്ടത് പ്രകോപന കാരണം. ശ്രീക്കുട്ടിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ റെയിൽവേയ്ക്ക് ലഭിച്ചു.ഞായറാഴ്ച രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ചുകൊണ്ടാണ് പ്രതി ട്രെയിനിൽ കയറിയത്. വാഷ്റൂമിൽ പോയി മടങ്ങിയെത്തുന്ന പെൺകുട്ടികളുടെ അടുത്തേക്ക് പുക വലിച്ചുകൊണ്ട് ഇയാൾ വരികയായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പരാതി നൽകുമെന്ന് പെൺകുട്ടികൾ പറഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചത്. തുടർന്ന് പെൺകുട്ടികളെ ട്രെയിനിൽ നിന്ന് ചവിട്ടി ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു.


