ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ അപകടത്തിൽ വിശദീകരണവുമായി ദേശീയപാതാ അതോറിറ്റി. സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ സമീപവാസികളോട് മാറി താമസിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയതാണ് . സുരക്ഷാ നിർദേശങ്ങൾ ഗൗരവത്തിൽ കാണണമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ബിജുവും ഭാര്യയും അപകടത്തിൽ പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ എത്തിയപ്പോഴാണെന്നാണ് ദേശീയ പാത അതോറിറ്റിയുടെ വിശദീകരണം.
മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണം എന്ന് നിർദ്ദേശം നൽകിയിരുന്നു. മുൻകരുതലിന്റെ ഭാഗമായി, ഈ പ്രദേശത്തു കൂടിയുള്ള ഗതാഗതവും ശനിയാഴ്ച രാവിലെ 10 മണി മുതൽ നിർത്തിവച്ചിരുന്നു. നിലവിൽ, അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിരുന്നില്ലെന്ന് വാർത്താക്കുറിപ്പിൽ ദേശീയപാതാ അതോറിറ്റി പറയുന്നു.ഇന്ന് പുലർച്ചെ മൂന്നുമണിയോടെ സന്ധ്യയെ പുറത്ത് എത്തിച്ചിരുന്നു. നാലുമണിയോടെ ബിജുവിന്റെ മൃതദേഹവും പുറത്തെടുത്തു. മണ്ണിടിച്ചിലില്‍ ആറ് വീടുകൾ മണ്ണിനടിയിലായി. 10 വീടുകൾ പൂർണമായും തകർന്നു. സ്ഥലത്തെ 22 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.


