മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളി നീക്കുന്നുവെന്ന് പി വി അൻവർ. മൂന്നാമതും അധികാരത്തിൽ വരുമെന്ന് സംസ്ഥാന സെക്രട്ടറി പറയുന്നു. ആൾദൈവങ്ങളെ തെരഞ്ഞ് നടന്ന് മന്ത്രിമാർ കെട്ടിപ്പിടിക്കുന്നു. ഇത് മോശപ്പെട്ട തെരഞ്ഞെടുപ്പിലേക്ക്, വർഗീയ ചേരിതിരിവിലേക്ക് എത്തുന്നു. അധികാരത്തിന് വേണ്ടി തരം താഴാവുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറുന്നുവെന്നും അൻവർ കുറ്റപ്പെടുത്തി.
ബിജെപിയിലെ പ്രബല വിഭാഗമാണ് പിണറായിയെ മൂന്നാമതും അധികാരത്തിൽ എത്താൻ സഹായിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പുതിയ പ്രസിഡൻ്റിനെ ബിജെപിക്കാർക്ക് പരിചിതനല്ല. എന്ത്കൊണ്ട് ഇത് സംഭവിച്ചു. കേന്ദ്ര ബിജെപി നേതൃത്വത്തിൻ്റെ പദ്ധതി നടപ്പിലാക്കാൻ ആണ് രാജീവ് ചന്ദ്രശേഖരൻ അധ്യക്ഷൻ ആയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാകും. കോൺഗ്രസിൻ്റെ അടിവേര് വെട്ടാൻ പിണറായിയെ ഉപയോഗിക്കുന്നുവെന്നും അൻവർ ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും. പ്രാദേശിക തലത്തിൽ അനൗപചാരിക ചർച്ചകൾ നടന്നേക്കാം. യുഡിഎഫുമായി ഇതുവരെ ചർച്ചകൾ നടന്നില്ല. പരമാവധി സ്ഥലത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരവുനന്തപുരത്ത് ബീഹാർ മോഡൽ വോട്ട് വെട്ടിനിരത്തൽ നടന്നുവെന്നും അൻവർ ആരോപിച്ചു. ബീമാപള്ളി ഡിവിഷനിൽ നിന്ന് 17000 വോട്ടുകൾ വെട്ടി. സിപിഐഎം, ബിജെപി സംയുക്ത നീക്കം ഉണ്ടായി. ആർഎസ്സിന്റെ നീക്കം ഇടത് സർക്കാർ അതേപടി നടപ്പാക്കുന്നു. അവിശ്വാസി സമൂഹത്തിൻ്റെ കയ്യിൽ വിശ്വാസകേന്ദ്രം ഏല്പിച്ചു.
അവർ സ്വത്തും മുതലും അടിച്ചെടുക്കുന്നു. എന്നിട്ട് അയ്യപ്പസംഗമം നടത്തുന്നു. SNDP ഉൾപ്പടെയുള്ള സമുദായ അംഗങ്ങൾ ഇത് തിരിച്ചറിയണം. സമുദായ പാർട്ടികളെ കൂട്ടുപിടിച്ച് രാഷ്ട്രീയ അട്ടിമറി നടത്താമെന്ന് പിണറായി വിചാരിക്കുന്നെങ്കിൽ, ഹൈന്ദവ വിശ്വാസികൾ അത് തിരിച്ചറിയുമെന്നും അൻവർ കൂട്ടിച്ചേർത്തു.