കൊച്ചി:ലോയേഴ്സ് കോണ്‍ഗ്രസ് മുന്‍ നേതാവ് അഡ്വ. വി.എസ്.ചന്ദ്രശേഖരനെതിരെ ആലുവ സ്വദേശിയായ നടി നല്കിയ പീഡന പരാതി വ്യാജമെന്ന് പൊലീസ്. നടിയുടെ പരാതിക്ക് കാരണം മുന്വൈരാഗ്യമാണെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. നടി നല്കിയ പരാതി വ്യാജമെന്നു വ്യക്തമാക്കി പ്രത്യേക അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത കേസിലാണ് റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നടിയുടെ തെറ്റായ ആരോപണത്തിന്റെ പുറത്ത് എടുത്ത കേസ് അവസാനിപ്പിക്കണമെന്നും കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നടന്മാരടക്കം ഏഴു പേര്‍ക്കെതിരെ നടി ലൈംഗികാതിക്ര പരാതി നല്‍കിയിരുന്നു. ഇതിലാണ് ചന്ദ്രശേഖരന്റെ പേരും ഉള്‍പ്പെട്ടിരുന്നത്. ‘ശുദ്ധരില്‍ ശുദ്ധന്‍’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ചന്ദ്രശേഖരന് അവസരം കിട്ടിയത് നടി വഴിയാണെങ്കിലും ചിത്രീകരണ സമയത്ത് നടിയെ സംവിധായകന് ഒഴിവാക്കി. എന്നാല്‍ നടിക്ക് അനുകൂലമായി ചന്ദ്രശേഖരന് നിലപാട് സ്വീകരിച്ചില്ല. മാത്രമല്ല, പിന്നീട് താന്‍ അഭിനയിച്ച സിനിമകളി?ലൊന്നിലും റോള്‍ കിട്ടാന്‍ നടിയെ ചന്ദ്രശേഖരന് സഹായിച്ചില്ല. ഈ കാരണങ്ങള്‍ മൂലം നടിക്ക് ചന്ദ്രശേഖരനോട് വിരോധമുണ്ടായിരുന്നതിനാല്‍ തെറ്റായ ആരോപണം ഉന്നയിക്കുകയായിരുന്നു എന്ന് പൊലീസിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ഒന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്ന സിനിമാ നിര്‍മാതാവ് തന്നെ പീഡിപ്പിച്ചെന്നും ചന്ദ്രശേഖരന് ഇതിന് ഒത്താശ ചെയ്തുകൊടുത്തു എന്നുമാണ് കേസ്. എന്നാല്‍ നിര്‍മാതാവ് ആരാണ് എന്നതടക്കം പരാതിക്കാരിയുടെ മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും വിശ്വാസ്യതയില്ലെന്നുമാണ് പൊലീസ് പറയുന്നത്. മൊഴികളില്‍ സ്ഥിരതയില്ല, മൊഴികളില്‍ ഗൗരവകരമായ വൈരുധ്യങ്ങളുണ്ട് തുടങ്ങിയ കാരണങ്ങളാല്‍ നടിയെ വിശ്വാസ്യതയുള്ള സാക്ഷിയായി കണക്കാക്കാന്‍ കഴിയില്ല എന്ന് റിപ്പോര്‍ട്ട് പറയുന്നു. കുറ്റകൃത്യം നടന്നെന്നു പറയുന്ന സമയം കഴിഞ്ഞ് 15 വര്‍ഷം കഴിഞ്ഞാണ് പരാതി നല്‍കുന്നത്. ഇതിന് തക്കതായ ന്യായീകരണം നല്‍കാനും നടിക്ക് കഴിഞ്ഞിട്ടില്ലന്നും റിപ്പോര്‍ട്ടിലുണ്ട്.