മൂവാറ്റുപുഴ: മയക്കുമരുന്ന് വ്യാപാര ശൃംഖലയിലെ ഇന്ത്യയിലെ സീക്രട്ട് ഏജന്റായിരുന്ന എഡിസൻ ബാബു തനിച്ചല്ല, എഡിസണ് ഒപ്പമുള്ളത് മൂന്നു കൂട്ടുകാരുമല്ല.. എഡിസണ് പിന്നിൽ രാജ്യാന്തര ഡ്രക്സ് മാപിയ സംഘത്തെ നിയന്ത്രിക്കുന്ന പ്രധാനിയുമുണ്ട്. അവനിലേക്ക് ഓടിയെത്താൻ ഉള്ള പ്രയത്നത്തിലാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും വിവിധ അന്വേഷണ ഏജൻസികളും.
ഇതിനിടെ എഡിസൺ സംഘം ലഹരി വ്യാപാരത്തിലൂടെ സമ്പാദിച്ച കോടികളുടെ നിക്ഷേപകൾ എവിടെയെന്ന് കൃത്യമായി കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. എറണാകുളം ഇടുക്കി വയനാട് ജില്ലകളിലായി ചില വസ്തു ഇടപാടുകൾ ഇവർ നടത്തിയിരുന്നു. ചില ഇടപാട് രേഖകൾ അന്വേഷണ സംഘം കണ്ടെത്തി. ഇത് ഇവർ സമ്പാദിച്ച പണത്തിൻറെ 10% പോലും ഇല്ലെന്നാണ് എൻ സി ബി പറയുന്നത്. ബിനാമി ഇടപാടുകളും – നിക്ഷേപങ്ങളും ആവാം ഇവർ നടത്തിയിട്ടുള്ളത് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇത് സംബന്ധിച്ച് എൻ ഐ എ സംഘവും പ്രത്യേക അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആദ്യം ലഹരിയിൽ കേരളം കീഴടക്കാൻ ആയിരുന്നു എഡിസൺ സംഘത്തിൻറെ പ്ലാൻ. റിസ്ക് സെയിം ആയതോടെ ഇന്ത്യയെ ലഹരി ഹബ്ബാക്കി മാറ്റുക എന്ന് തീരുമാനത്തിലെത്തി. ആ സമയത്താണ് രാജ്യാന്തര വ്യാപാരം കൊഴുക്കുന്നതും വരുമാനം കണക്കുകൂട്ടലുകൾക്കപ്പുറത്തേക്ക് ഉയർന്നതും.
സുഹൃത്തുക്കൾ ചേർന്ന് നടത്തിയ കച്ചവടം അതും ലഹരി കച്ചവടം രാജ്യത്തിൻറെ അതിർത്തിയും കടന്നു മറ്റൊടങ്ങളിലേക്ക് വ്യാപിച്ചു എങ്കിൽ അതിന് ഉറപ്പായും അകത്തും പുറത്തുനിന്നുമുള്ള വലിയ സഹായം മൂവർ സംഘത്തിന് ഉണ്ടാവണം. അതുകൊണ്ട് മാത്രമാണ് കുറഞ്ഞ കാലം കൊണ്ട് ലഹരി മരുന്നു വിതരണ ശൃംഖലയിലെ പ്രധാനികളായി ഇവർക്ക് വളരാൻ കഴിഞ്ഞത്.
ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും കൈമുതലായി ഉണ്ടായിരുന്ന അറസ്റ്റിലായ മൂവാറ്റുപുഴ വള്ളക്കാലിപടി മുളയങ്ങോട്ടിൽ എഡിസനും കിഴക്കേക്കരയിലെ വാടക താമസക്കാരൻ ആയ അരുൺ തോമസും പറവൂർകാരായ പാഞ്ചാലിമേട്ടിലെ സണ്‍സെറ്റ് വാലി റിസോര്‍ട്ടിന്റെ ഉടമകളായ ഡിയോള്‍ ഭാര്യ അഞ്ജു എന്നിവർ രാജ്യാന്തര ലഹരി വ്യാപാരത്തിലെ കണ്ണികൾ ആയിട്ട് പുറത്തുവരുന്ന വിവരമനുസരിച്ച് നാലുവർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ.
സ്വന്തം ആവശ്യത്തിന് ആയാണ് എഡിസൺ ലഹരിമരുന്ന് വാങ്ങി തുടങ്ങിയത്. ഇടയ്ക്ക് ഉപയോഗത്തിനൊപ്പം വിൽപ്പനയും തുടങ്ങി. മികച്ച ഐടി പ്രൊഫഷണൽ കൂടിയായ എഡിസൺ ഉറക്കമില്ലാത്ത രാത്രികൾ ചിലവഴിച്ച് ഡാർക്ക് വെബ്ബിൻറെ സാധ്യത ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. അരുണിന്റെ സാങ്കേതികവൈദ്യം എഡിസനും തുണയായി. കെറ്റാമെലോൺ എന്ന ഓമനപ്പേര് ലഹരി സംഘങ്ങൾക്കിടയിൽ അതിവേഗം പ്രിയതരമായി. പെട്ടെന്ന് എഡിസനും സംഘാംഗങ്ങളും ഡാർക്ക് നെറ്റിലെ തങ്ങളുടെ ഇരിപ്പിടം ലെവൽ 4 ൽ ഉയർത്തി. ഓർഡർ നൽകിയാൽ കൃത്യസമയത്ത് ലഹരി എത്തിച്ചു നൽകിയതോടെ ലഹരി സാമ്രാജ്യത്തിലെ വിശ്വാസിയതയുടെ പര്യായമായി എഡിസൺ ബ്രാൻഡ് മാറി.
മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് കെറ്റമിൻ ശേഖരിച്ച് ഓസ്ട്രേലിയയിലേക്ക് അയക്കുന്ന ബിസിനസിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു പാഞ്ചാലിമേട്ടിൽ റിസോർട്ട് നടത്തുന്ന പറവൂർ സ്വദേശികൾ. രണ്ടു വർഷത്തിലധികമായി ഇവരീപണി തുടങ്ങിയിട്ട് എന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സാക്ഷ്യപ്പെടുത്തുന്നു.
പറവൂർ സംഘവും എഡിസനും അരുണുമെല്ലാം കുറച്ചു മാസങ്ങളായി എൻ സി ബി യുടെ കർശന നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ജൂൺ 28ന് കൊച്ചിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ ലഹരി സംഘത്തിന്റെ അടിത്തറ ഇളക്കാനായി 280 എൽ എസ് ഡി സ്റ്റാമ്പുകളും ആയി പാർസൽ എത്തുന്നത്. എഡിസന്റെ പേരിൽ ആയിരുന്നു പാർസൽ. തൊട്ടടുത്ത ദിവസം പുലർച്ചെ എഡിസന്റെ വീടിൻറെ വാതിൽ മുട്ടിവിളിച്ചത് കൊച്ചിയിലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥർ. തുടർന്ന് നടന്ന റൈഡിൽ 847 എൽ എസ് ഡി സ്റ്റാമ്പുകളും 131. 66 ഗ്രാം കെറ്റാമിനും 70 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസിയും പിടികൂടി. കെറ്റാമിനിൽ തുടങ്ങിയ ലഹരി സംഘത്തിൻറെ പ്രധാന വ്യാപാരം എൽ എസ് ഡി സ്റ്റാമ്പുകൾ ആയിരുന്നു.
ഇടനിലക്കാരില്ലാതെ യു കെ യിൽ നിന്ന് നേരിട്ടാണ് ഇവർക്ക് മുന്നിൽ ലഹരി വസ്തുക്കൾ എത്തിയിരുന്നത് എന്ന് എൻ സി ബി ഉദ്യോഗസ്ഥർ പറയുന്നു.. ഇത് ശരിവെക്കുന്ന തരത്തിലാണ് പിടിച്ചെടുത്ത ചില രേഖകൾ.
അതേസമയം ലഹരി കടത്ത് സംഘത്തിൻറെ സാമ്പത്തിക സ്രോതസ്സുകൾ അടക്കം അന്വേഷിക്കാൻ എൻഐഎയും രംഗത്തെത്തിയതോടെ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന രാജ്യാന്തര ലഹരി മാഫിയ സംഘത്തിൻ്റെ കൂടുതൽ നിഗൂഢതകൾ വരും ദിവസങ്ങളിൽ പുറത്തുവരും.