തൃശ്ശൂര്‍: പുരസ്കാരം ലഭിച്ച ഒരു ലക്ഷം രൂപ വായനശാലയിലേക്ക് പുസ്തകങ്ങള്‍ വാങ്ങാനായി തിരികെ കൈമാറി റാപ്പര്‍ വേടന്. തളിക്കുളത്തെ പ്രിയദര്‍ശിനി വായനശാലയുടെ പ്രഥമ പ്രിയദര്‍ശിനി പുരസ്കാരം സ്വീകരിക്കാന്‍ എത്തിയപ്പോഴായിരുന്നു വേടൻ പുരസ്കാര തുക വായനശാലയ്ക്ക് തിരികെ നൽകിയത്. വായനശാലയിലേക്ക് സംഭാവന ചെയ്യാന്‍ കുറച്ച് പുസ്തകങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിനൊപ്പം പണവും കൈമാറുകയായിരുന്നു.
ഷാഫി പറമ്പില്‍ എംപിയില്‍ നിന്നും പുരസ്കാരം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്കാര തുക ലൈബ്രറി പ്രസിഡന്റ് ടി എന്‍ പ്രതാപന് തിരികെ നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് കൊണ്ടുവന്ന പുസ്തകങ്ങള്‍ക്കൊപ്പം തുകയും പ്രതാപന് കൈമാറിയത്. ശേഷം മൂന്ന് റാപ്പ് ഗാനങ്ങളും പാടി.