രാജ്യത്ത് 2027 മാര്‍ച്ച് ഒന്നിന് സെന്‍സസ് നടപടികൾ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായി സെൻസസ് നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മഞ്ഞ് വീഴ്ചയുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ഒക്ടോബറില്‍ തന്നെ സെന്‍സസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ജാതി സെന്‍സസും ഇതോടൊപ്പം നടക്കും. അടുത്ത സെന്‍സസില്‍ ജാതി-ഉപജാതി വിവരങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് ഏപ്രില്‍ 30ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഓരോ പത്ത് വര്‍ഷം കൂടുമ്പോഴാണ് ഇന്ത്യയില്‍ സെന്‍സസ് നടത്തുന്നത്. ഏറ്റവും അവസാനം 2011ലായിരുന്നു സെന്‍സസ് നടത്തിയിരുന്നത്. 2021ല്‍ നടക്കേണ്ട സെന്‍സസ് കോവിഡിനെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു.
2027ല്‍ സെന്‍സസ് നടപടികൾ ആരംഭിച്ചാൽ 16 വര്‍ഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ സെന്‍സസായിരിക്കും. ഏപ്രില്‍ 30ന് കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞുള്ള വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവായിരുന്നു ജാതി സെന്‍സസ് നടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്.