സിപിഐഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം വി സഞ്ജു ഭീഷണിപ്പെടുത്തിയ നാരങ്ങാനം വില്ലേജ് ഓഫീസർക്ക് രണ്ട് ദിവസത്തെ അവധി അനുവദിച്ചെന്ന് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ. നാരങ്ങാനം വില്ലേജ് ഓഫീസിൽ നിന്ന് സ്ഥലം മാറ്റണമെന്ന ജോസഫ് ജോർജിന്റെ ആവശ്യത്തിൽ തീരുമാനമെടുക്കേണ്ടത് റവന്യൂ സെക്രട്ടറിയെന്ന് ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ വില്ലേജ് ഓഫീസർക്ക് എതിരായ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐഎം. പ്രകോപിപ്പിച്ചത് വില്ലേജ് ഓഫീസറാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു.
ഭീഷണി സംബന്ധിച്ച് വില്ലേജ് ഓഫീസർ നൽകിയ പരാതി കളക്ടർ ഇന്നലെ തന്നെ ആറന്മുള പൊലീസിന് കൈമാറിയിരുന്നു. സ്ഥലംമാറ്റതിൽ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും കളക്ടർ പ്രേം കൃഷ്ണൻ പറഞ്ഞു. 2024 ഓഗസ്റ്റിൽ സസ്പെൻഷൻ നടപടി നേരിട്ട ആളാണ് വില്ലേജ് ഓഫീസർ ജോസഫ് ജോർജ്. എന്നാൽ പരാതിയിൽ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ സത്യം തെളിയുമെന്നുമാണ് വിഷയത്തിൽ വില്ലേജ് ഓഫീസറുടെ പ്രതികരണം.
നികുതി കുടിശിക ചോദിച്ചതിന് ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തി. പിന്നാലെ അജ്ഞാത നമ്പറിൽ നിന്ന് ഭീഷണി കോളുമെത്തി. അതുകൊണ്ടാണ് ജില്ലാ കളക്ടറോട് സ്ഥലംമാറ്റം ആവശ്യപ്പെട്ടത് എന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ് പറയുന്നു.
അതേസമയം താൻ പറഞ്ഞതിൽ തെറ്റില്ലെന്നും ഭീഷണിയിൽ വേണമെങ്കിൽ വില്ലേജ് ഓഫീസറോട് നേരിട്ട് ഖേദപ്രകടനം നടത്താമെന്നും എം വി സഞ്ജു പ്രതികരിച്ചു. റവന്യൂ വകുപ്പിൽ അടയ്ക്കേണ്ട ഒറ്റത്തവണ നികുതിയുടെ കുടിശിക തീർപ്പാക്കണം എന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോഴാണ് ഓഫീസിൽ കയറി വെട്ടുമേന്ന് സിപിഐഎം ഏരിയ സെക്രട്ടറി വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയത്. പിന്നാലെയാണ് കാര്യങ്ങൾ വിവാദത്തിലേക്ക് നീങ്ങിയത്.