ബെയ്റൂത്ത്: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവായായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ ആഗോള സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ വാഴിച്ചു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി.
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ പാത്രിയര്‍ക്കാ അരമനയോടു ചേര്‍ന്നുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കാ കത്തീഡ്രലില്‍ പ്രാദേശിക സമയം വൈകിട്ട് 5ന് (ഇന്ത്യന്‍ സമയം രാത്രി 8.30) ആണ് സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിച്ചത്.സന്ധ്യാപ്രാര്‍ഥനയോടെയാണ് സ്ഥാനാഭിഷേക ശുശ്രൂഷ ആരംഭിച്ചത്. പരിശുദ്ധ പാത്രിയര്‍ക്കീസിനോടും പരിശുദ്ധ സിംഹാസനത്തോടും ഭക്തിയും ബഹുമാനവും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ടു നല്കിയ ശല്‍മോസ (ഉടമ്പടി) സ്വീകരിച്ച പാത്രിയര്‍ക്കീസ് തിരികെ ‘സുസ്ഥാത്തിക്കോന്‍’ (അധികാരപത്രം) നല്കി. മദ്ബഹായില്‍ ഭക്തജനങ്ങള്‍ക്ക് അഭിമുഖമായി പീഠത്തിലിരുത്തിയ ശ്രേഷ്ഠ കാതോലിക്കായെ മെത്രാപ്പോലീത്തമാര്‍ ചേര്‍ന്ന് ഉയര്‍ത്തിയപ്പോള്‍ ‘ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് പ്രഥമന്‍ യോഗ്യനും വാഴ്ത്തപ്പെട്ടവനുമാകുന്നു’ എന്നു മുഖ്യ കാര്മികന് പ്രഖ്യാപിച്ചു.
തുടര്‍ന്ന് ‘അവന് യോഗ്യന്‍ തന്നെ’ എന്നര്‍ഥമുള്ള ‘ഓക്സിയോസ്’ പാത്രിയര്‍ക്കീസ് ബാവാ മുഴക്കിയപ്പോള്‍ മെത്രാപ്പോലീത്തമാരും വൈദികരും ഭക്ത്യാദരങ്ങളോടെ മൂന്നുതവണ അത് ഏറ്റുചൊല്ലി. സ്ഥാനചിഹ്നങ്ങളായ മൂന്നു മാലകളും അംശവടിയും മുഖ്യകാര്മികന് ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്കു കൈമാറി. ആഗോള സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും പള്ളി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടന്ന ശുശ്രൂഷകള്‍ രണ്ടു മണിക്കൂര്‍ നീണ്ടു.
യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പൊലീത്തമാരും അഭിഷേക ശുശ്രൂഷയില്‍ പങ്കാളികളായി. കേരളത്തില്‍ നിന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവാ, മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത എന്നിവരെത്തി. ലബനന് പ്രസിഡന്റ് ജോസഫ് ഓനിന്റെ പ്രതിനിധിയും ലബനനിലെ ഇന്ത്യന്‍ സ്ഥാനപതി നൂര്‍ റഹ്മാന് ഷെയ്ഖും സന്നിഹിതരായിരുന്നു. മന്ത്രി പി.രാജീവ്, എംഎല്‍എമാരായ അനൂപ് ജേക്കബ്, ഇ.പി.ടൈസന്, എല്‍ദോസ് പി.കുന്നപ്പിള്ളി, ജോബ് മൈക്കിള്‍, പി.വി.ശ്രീനിജന്, പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവര്‍ കേരള സര്‍ക്കാരിന്റെയും ബെന്നി ബഹനാന് എംപി, വി.മുരളീധരന്, അല്‍ഫോന്‍സ് കണ്ണന്താനം, ഷോണ്‍ ജോര്‍ജ് എന്നിവര്‍ കേന്ദ്രസര്‍ക്കാരിന്റെയും പ്രതിനിധികളായെത്തി. യാക്കോബായ സഭയുടെ, കേരളത്തിലെയും പുറംനാടുകളിലെയും പള്ളികളില്‍നിന്ന് വൈദികരും സഭാംഗങ്ങളുമായി എഴുനൂറിലേറെപ്പേര്‍ അഭിഷേകത്തിനു സാക്ഷികളായി.