നടിയെ ആക്രമിച്ച കേസിൽ മുൻ DGP ആർ ശ്രീലേഖയ്ക്ക് നോട്ടീസ്. കോടതിയലക്ഷ്യ ഹർജിയിലാണ് വിചാരണ കോടതി നോട്ടീസയച്ചത്. പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്നായിരുന്നു നടിയുടെ പരാതി. നടിയാണ് കോടതിയെ സമീപിച്ചത്. തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്ന നടിയുടെ ഹർജി നാളെ പരിഗണിക്കാൻ മാറ്റി.
കേസിലെ പ്രതിയായ ദിലീപിനെതിരെ തെളിവില്ലെന്ന് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖ അവകാശപ്പെട്ടിരുന്നു. പിന്നാലെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടക്കെ പരാമർശം കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത പരാതി നൽകിയത്.
അതേസമയം, നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയിലേക്കെന്നാണ് സൂചന. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ ഹർജി നൽകി.

