കൊച്ചി: തൃപ്പൂണിത്തുറ എരൂര്‍ മാത്തൂര്‍ പാലത്തിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. വയനാട് മേപ്പാടി അമ്പലക്കുന്ന് കടൂര്‍ കല്യാണി വീട്ടില്‍ കല്യാണിവീട്ടില് ശിവന്റെ മകള്‍ നിവേദിത (21), കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിന് ഭവനത്തില്‍ സുനിലിന്റെ മകന് സുബിന് (19) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് സംഭവം. ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. പാലത്തിലൂടെ ഒട്ടേറെ ദൂരം നിരങ്ങി നീങ്ങിയാണ് ബൈക്ക് നിന്നത്.
ശബ്ദം കേട്ടെത്തിയ പാലത്തിനടുത്തുള്ള വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം എറണാകുളം ജനറലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാത്തൂരിനടുത്തുള്ള കോഫി ഷോപ്പിലെ ജീവനക്കാരനാണ് സുബിന്. കോള്‍ സെന്റര്‍ ജീവനക്കാരിയാണ് നിവേദിത.


