കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇന്ന് രണ്ട് വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി. ഭീഷണി സന്ദേശം എത്തിയതോടെ രണ്ട് വിമാനങ്ങളും കൊച്ചിയിൽ നിന്ന് പറന്നുയർന്നു. എന്നാൽ, പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമാവുകയായിരുന്നു. എയർ ഇന്ത്യയുടെ കൊച്ചി – ദമാം, ആകാശ് എയറിന്റെ കൊച്ചി – മുംബൈ വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി സന്ദേശമെത്തിയത്.
ട്വിറ്ററിൽ ലഭിച്ച ഭീഷണി സന്ദേശം നെടുമ്പാശ്ശേരിയിലെ സുരക്ഷാവിഭാഗത്തിനെത്തുന്നതിന് മുമ്പ് തന്നെ രണ്ട് വിമാനങ്ങളും കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചിരുന്നു. അതേസമയം, തുടർച്ചയായുള്ള ബോംബ് ഭീഷണിയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭീഷണി സന്ദേശം ലഭിച്ചാൽ സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.


