പമ്പ: ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രാവിലെ നട തുറക്കുന്നത് മുതല്‍ 11.30 മണി വരെ വടക്കേ നടയിലെ തിരുമുറ്റത്ത് തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാം എന്ന് ഐ ജി ദിനേന്ദ്ര കശ്യപ് പറഞ്ഞു.
വാവര് നട, മഹാകാണിക്ക, ലോവര്‍ തിരുമുറ്റം, വലിയ നടപ്പന്തല്‍ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് അടക്കമുള്ള മുഴുവന്‍ നിയന്ത്രണങ്ങളും നീക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്. ശബരിമലയില്‍ രാത്രി 11 മണിക്ക് ശേഷം തീര്‍ത്ഥാടകരെ തടയരുതെന്നും കെഎസ്ആര്‍ടിസി ടൂ വേ ടിക്കറ്റ് നിര്‍ബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

