മൂവാറ്റുപുഴ നിര്‍മലാ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍. കോളേജിന് സമീപത്തെ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് കോളേജ് അധികൃതരെ നേരില്‍ കണ്ട് ഖേദം പ്രകടിപ്പിച്ചത്. കോളേജ് അധികൃതരെ ഖേദം അറിയിച്ചതായും ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധത്തിൽ സമുദായത്തിന് പങ്കില്ലെന്നും കേരളത്തിൽ നടക്കരുതാത്ത സംഭവമായിപ്പോയെന്നും മഹല്ല് കമ്മിറ്റി പറഞ്ഞു.
പ്രാര്‍ത്ഥനയ്ക്കും ആചാരങ്ങള്‍ക്കും ഇസ്ലാം നിര്‍ദ്ദിഷ്ട രീതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ചെറിയ തെറ്റ് ഉണ്ടായാല്‍ പോലും അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പിഎസ്എ ലത്തീഫ് പറഞ്ഞു. കോളേജിനുള്ളിൽ നിസ്കരിക്കാൻ പ്രത്യേക സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. കോളജ് പ്രിൻസിപ്പലിനെ മണിക്കൂറുകളോളം ഓഫീസിൽ തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തെ അപലപിച്ച് സിറോ മലബാർ സഭാ അൽമായ ഫോറം ശക്തമായി അപലപിച്ചു.


