കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയതായി സംശയം. വണ്ടാനത്തെ ഒരു ബാറിലെ സിസിടിവിയിലാണ് ബണ്ടി ചോറിനോട് സാദൃശ്യമുള്ളയാളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇയാൾ പോയിക്കഴിഞ്ഞപ്പോഴാണ് സംശയം തോന്നിയവർ അമ്പലപ്പുഴ പോലീസിൽ വിളിച്ചറിയിച്ചത്. പോലീസെത്തി സി.സി.ടി.വി. ദൃശ്യം പരിശോധിച്ചു. അതിൽനിന്ന് ബണ്ടി ചോർ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്.പി. ചൈത്രാ തെരേസ ജോൺ പറഞ്ഞു.
എടിഎമ്മുകളും അടഞ്ഞുകിടക്കുന്ന വീടുകളും മറ്റ് സ്ഥാപനങ്ങളും നിരീക്ഷിക്കാൻ എല്ലാ സ്റ്റേഷനുകളിലും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടേതാണ് നിർദ്ദേശം. രാജ്യത്താകെ ഒട്ടേറെ കേസുകളുള്ള ഇയാൾ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് ഇറങ്ങിയതാണ്. നീല ജീൻസും ടീ ഷർട്ടും ധരിച്ച് തോളിൽ സഞ്ചി തൂക്കിയാണ് ഇയാൾ ബാറിലെത്തിയത്.വലിയ വീടുകളിലും അതീവ സുരക്ഷാ മുൻകരുതലുകളുള്ള സ്ഥാപനങ്ങളിലും കയറി ആഢംബര വസ്തുക്കൾ മോഷ്ടിക്കുന്ന ബണ്ടി ചോർ 2013 ൽ കേരള പൊലീസിന്റെ പിടിയിലായിരുന്നു. 10 വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം 2023 ലാണ് ഇയാൾ പുറത്തിറങ്ങിയത്.


