വിവാദ ‘കാഫിര്‍’ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ച് സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക. ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫേസ്ബുക്ക് കുറിപ്പായിരുന്നു ഇത്. ഒന്നരമാസത്തിലേറെയായി ഈ കുറിപ്പ് കെകെ ലതികയുടെ പ്രൊഫൈലിലുണ്ടായിരുന്നു.പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ ഇന്നലെ യുഡിഎഫ് രംഗത്തുവന്നിരുന്നു.
സ്ക്രീന്‍ ഷോട്ട് ആദ്യം പ്രചരിപ്പിച്ച കുറ്റ്യാടി മുന്‍ എംഎല്‍എ കെകെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ലതികയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ വിവാദ സ്ക്രീന്‍ ഷോട്ട് തുടരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ഈ ആവശ്യം. അതേസമയം പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ച് സിപിഎം പ്രതികരിച്ചില്ല.തെരഞ്ഞെടുപ്പിന് തലേന്ന് വിവാദ കാഫിര്‍ സ്ക്രീന്‍ ഷോട്ട് പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ പേജായ അമ്പാടിമുക്ക് സഖാക്കളിലായിരുന്നു. വിവാദമായതോടെ പോസ്റ്റ് അമ്പാടിമുക്ക് സഖാക്കള്‍ ഡിലീറ്റ് ചെയ്തു.