എറണാകുളം തോപ്പുംപടിയില്‍ യുവാവിനെ കടയില്‍കയറി കുത്തിക്കൊന്ന കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. ലഹരി വിമുക്ത ചികിത്സയുടെ പേരില്‍ തന്നെ സമൂഹത്തിന് മുന്നില്‍ നാണം കെടുത്തിയതിന്റെ പകയാണ് കൊലയ്ക്ക് കാരണമെന്നാണ് അലന് പൊലീസിന് നല്കിയ മൊഴി. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് തോപ്പുംപടി സൗദിയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന കരുവേലിപ്പറമ്പില്‍ ബിനോയിയെ അലന് കുത്തിക്കൊലപ്പെടുത്തിയത്. ഇരുപതോളം കുത്തുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു.
തോപ്പുംപടിയാകെ വിറച്ച സംഭവമാണ് ബിനോയ് സ്റ്റാന്‍ലിയുടെ കൊലപാതകം. പ്രതി അലന് ജോസ് കടയില്‍ കയറുന്നതും മനസാക്ഷി മരവിക്കുംവിധം ബിനോയിയെ കുത്തികൊല്ലുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.ഏതാനും മിനിട്ടുകള്‍ സംസാരിച്ച ശേഷം അലന് ബിനോയിയെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.ലഹരിക്കടിമയായ തന്നെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ ബിനോയിയുടെ ഭാര്യ ശ്രമിച്ചിരുന്നു. സൈക്കാട്രിസ്റ്റിന്റെ അടുത്ത് എത്തിയതോടെ സമൂഹം തന്നെ ഭ്രാന്തനെപോലെയാണ് കണ്ടത്. എല്ലാത്തിലും ബിനോയിയും ഇടപെട്ടു. ഇതോടെയാണ് ബിനോയിയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അലൻ മൊഴി നൽകി.


