കോട്ടയ്ക്കല്‍: വിഷുവിന് പടക്കവുമായെത്തിയ ലോറി പുത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണംവിട്ട കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു. പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് കോട്ടയ്ക്കലിലേക്ക് വരുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്തുതന്നെ ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ തമിഴ്നാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായ ലോറി കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതേസമയം കടയിലുണ്ടായിരുന്നവര്‍ ലോറി വരുന്നതുകണ്ട് ഓടിരക്ഷപ്പെട്ടു. ഡ്രൈവറെ രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ ജെ.സി.ബി. ഉപയോഗിച്ച് ലോറി പുറകിലേക്ക് വലിച്ചു നീക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാബിന് പൊളിച്ചുമാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്.
മൃതദേഹം കോട്ടയ്ക്കലിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.


