ഇടുക്കി : യുഡിഎഫ് മുന്നോട്ടു വെക്കുന്ന ശരിയായ രാഷ്ട്രീയത്തിനൊപ്പമാണ് ഇടുക്കി ജനതയുടെ മനസെന്ന് ഡീന്‍ കുര്യാക്കോസ് എംപി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം തൊടുപുഴയില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 8 വര്‍ഷമായി ഇടുക്കിയിലെ ജനങ്ങളെ തുടര്‍ച്ചയായി ദ്രോഹിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെയുള്ള ജനാവിധിയായി ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മാറും. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മതേതര സ്വഭാവമുള്ള ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് ഇടുക്കി ജനതയുടെ നില നില്‍പ്പിന്റെ പ്രശ്നം കൂടിയാണ്. ജില്ലയുടെ പ്രാദേശിക വിഷയങ്ങളും ജില്ലയുടെ ആവശ്യങ്ങളും പാര്‍ലമെന്റില്‍ ഉന്നയിക്കുവാനും അതില്‍ ഏറെയും നേടിയെടുക്കുവാനും സാധിച്ചതായി എംപി പറഞ്ഞു.
തിരഞ്ഞെടുപ്പിന് യുഡിഎഫ് പൂര്‍ണ്ണമായും സജ്ജമായതായും എംപി പറഞ്ഞു. ജില്ലയില്‍ ഉടനീളം യുഡിഎഫിന് നല്ല വേരോട്ടം ഉണ്ട്. കേരളത്തില്‍ സമ്പൂര്‍ണ്ണ വിജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ഇത് ജനങ്ങളുടെ വിജയമായി മാറും. ഇടുക്കിയിലെ ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും കാത്ത പ്രവര്‍ത്തനമാണ് കഴിഞ്ഞ അഞ്ച് വര്‍ഷ കാലം നടത്തിയത്. ഒരു അഴിമതി ആരോപണം പോലും കഴിഞ്ഞ കാലങ്ങളില്‍ നേരിടേണ്ടി വന്നിട്ടില്ല. വിവാദമായ ഒരു ഇടപാടിലും താന്‍ പങ്കുചേര്‍ന്നിട്ടില്ല. എന്നെ ജയിപ്പിച്ചു എന്നതിന്റെ പേരില്‍ ഒരു ഇടുക്കിക്കാരനും ആരുടെ മുന്നിലും തല കുനിക്കേണ്ടി വന്നിട്ടില്ല.
നിരവധി വികസന പ്രവര്‍ത്തനങ്ങളും ഇടുക്കിയുടെ ചരിത്രത്തില്‍ എഴുതി ചേര്‍ത്ത അഞ്ച് വര്‍ഷങ്ങളായിരുന്നു കഴിഞ്ഞു പോയത്. നേര്യമംഗലത്ത് പുതിയ പാലം ഉള്‍പ്പെടെയുള്ള ദേശിയ പാത വികസനത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. കട്ടപ്പനയില്‍ 100 കിടക്കകളുള്ള ഇ.എസ്.ഐ. ആശുപത്രിക്ക് അനുമതി നേടുകയും, തൊടുപുഴയില്‍ ജില്ലയിലെ രണ്ടാമത്തെ കേന്ദ്രിയ വിദ്യാലയത്തിനായുള്ള സ്ഥലമേറ്റെടുപ്പ് പൂര്‍ത്തീകരിച്ച് അന്തിമഅനുമതി സമര്‍പ്പിക്കുകയും ചെയ്തത് ജില്ലയെ സംബന്ധിച്ച് മികച്ച നേട്ടമാണ്. മുല്ലപ്പെരിയാര്‍, ബഫര്‍ സോണ്‍, അരികൊമ്പന്, വന്യജീവി ആക്രമണം പോലുള്ള വിഷയങ്ങളില്‍ ഇടുക്കി ജനതയുടെ വികാരം ഉള്‍ക്കൊണ്ട നിലപാടാണ് എംപി എന്ന നിലയില്‍ സ്വീകരിച്ചത്. ഈ വിഷയങ്ങള്‍ എല്ലാം പാര്‍ലമെന്റില്‍ ഉന്നയിച്ചു. സ്വാതന്ത്ര അംഗത്തിന് അനുവദിക്കുന്ന അത്രയും സമയം പാര്‍ട്ടി ചിഹ്നങ്ങളില്‍ മത്സരിച്ചു ജയിക്കുന്നവര്‍ക്ക് പാര്‍ലമെന്റില്‍ ലഭിക്കില്ല. എങ്കിലും കിട്ടിയ അവസരങ്ങള്‍ പാര്‍ലമെന്റില്‍ പരമാവധി ഉപയോഗിക്കാന്‍ തനിക്ക് സാധിച്ചുവെന്നും എംപി അവകാശപ്പെട്ടു.
ഇടുക്കി എന്റെ മണ്ണും മനസ്സും പറഞ്ഞ് 2019 ലെ ഇലക്ഷനില്‍ പര്‍ലമെന്റ് മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരപക്ഷത്തില്‍ ജയിച്ച താന്‍ ഇടുക്കിയിലെ ജനങ്ങളുടെ വിശ്വാസം കാത്തു സൂക്ഷിക്കുകയും പ്രളയത്തിലും കൊക്കയാര്‍, പെട്ടിമുടി പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങി മണ്ഡലത്തിലെ ജനങ്ങള്‍ക്കുണ്ടായ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അവരിലൊരാളായി അവര്‍ക്കൊപ്പം ഒരു കൈത്താങ്ങായി നിന്നിട്ടുണ്ടെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് താന്‍ ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഡീന്‍ പറഞ്ഞു. പ്രകൃതി ദുരന്തങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് എംപിയുടെ നേതൃത്വത്തില്‍ ഉള്ള ഇടുക്കി കെയര്‍ ഫൌണ്ടേഷന് ഭവനങ്ങള്‍ നിര്‍മിച്ചു നല്കുന്ന പദ്ധതി പുരോഗമിക്കുകയാണ്.
ഇടുക്കിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും യുഡിഎഫ് പ്രചാരണ വിഷയമാക്കും. ഇടുക്കിയിലെ ജനങ്ങള്‍ക്ക് പട്ടയം നല്‍കുന്നത് ഹൈക്കോടതി ഉത്തരവ് പ്രകാരം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിന് എതിര് സത്യവാങ്മൂലം നല്കുവാന് ഉത്തരവ് വന്ന് 2 മാസമായിട്ടും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ഡീന്‍ ആരോപിച്ചു. ഇടുക്കി ജില്ലക്കെതിരായി പിണറായി വിജയന് പുറപ്പെടുവിച്ച ഉത്തരവുകള്‍ ഓരോന്നായി ജനങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കും. എല്‍ഡിഎഫിന്റെ ജനവിരുദ്ധ നയങ്ങളും ജനങ്ങളോട് സംസാരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.
കോവിഡ് കാലത്ത് എംപി ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. എംഎല്‍എമാര്‍ക്ക് കിട്ടുന്ന ഫണ്ട് പോലും എംപിമാര്‍ക്ക് കിട്ടുന്നില്ല. എങ്കിലും ലഭിച്ച തുക ഇടുക്കിയിലെ പിന്നോക്ക മേഖലകളില്‍ വിനിയോഗിക്കുവാന്‍ സാധിച്ചു. മണ്ഡലത്തില്‍ ഉടനീളം എംപിയുടെ സാന്നിധ്യം ജനങ്ങള്‍ക്ക് അനുഭവപ്പെട്ടുവെന്ന് ഡിസിസി പ്രസിഡന്റ് സി.പി മാത്യു പറഞ്ഞു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്, ഡിസിസി പ്രസിഡന്റ് സി.പി മാത്യു,മുന്‍ ഡി.സി.സി. പ്രസിഡന്റ് ജോയി തോമസ് , ബ്ലോക്ക് പ്രസിഡന്റ് പി.ജെ. അവിര എന്നിവര്‍ ഡീന്‍ കുര്യാക്കോസിനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.