കേരളത്തില്‍ ഒഴുകുന്നത് കൃത്രിമ എണ്ണ. പരിശോധനയില്‍ മായം കണ്ടെത്താനാവില്ലെന്നതാണ് കമ്പനികളുടെ വിജയം. കേരളത്തിലെ പ്രമുഖ വെളിച്ചെണ്ണ ഉത്പന്നങ്ങളില്‍ മുഴുവന്‍ മായം കലര്‍ത്തുന്നുണ്ടെന്നാണ് വിവരം.
റിഫൈന്‍ഡ് ഓയില്‍ എന്ന പേരിലാണ് വ്യാജ എണ്ണയുടെ കച്ചവടം. പ്രത്യേകിച്ച് മണമോ രുചിയോ ഇല്ലാത്ത എണ്ണ. റിഫൈന്‍ഡ് ഓയിലിലേക്ക് കൊപ്ര ചിപ്സ് ചേര്‍ത്ത് ഇളക്കുകയോ ഇരുപത് ശതമാനം നല്ല വെളിച്ചെണ്ണ കലര്‍ത്തുകയോ ചെയ്താല്‍ യഥാര്‍ഥ വെളിച്ചെണ്ണയുടെ മണവും നിറവും കിട്ടുമത്രേ. ലാബ് പരിശോധനയില്‍ പോലും തട്ടിപ്പ് കണ്ടെത്താനാകില്ലെന്നും കച്ചവടക്കാര്‍ കട്ടായം പറഞ്ഞു.
കച്ചവടചതി കണ്ടെത്താന്‍ മാത്രമുള്ള സംവിധാനങ്ങളും നമ്മുടെ നാട്ടില്‍ ഇല്ല. തമിഴ്നാട് കാങ്കയം ടൗണിലെ വ്യാജഭക്ഷ്യ എണ്ണ മൊത്തവ്യാപാരിയില്‍ നിന്നുമാണ് എണ്ണ എത്തുന്നതെന്നാണ് വിവരം.
നല്ല വെളിച്ചെണ്ണ കിലോ ഒന്നിന് ഇരുന്നൂറ് രൂപയ്ക്ക് മുകളിലാണ് വിലയെങ്കില്‍ റിഫൈന്‍ഡ് ഓയിലിന്റെ വില എണ്‍പത്തിനാലു രൂപ മാത്രമാണ്. അതായത് വെളിച്ചെണ്ണയെന്ന പേരില്‍ പാക്ക് ചെയ്ത് റിഫൈന്‍ഡ് ഓയില്‍ വിപണിയിലിറക്കിയാല്‍ കിലോ ഒന്നിന് കിട്ടുന്ന ലാഭം നൂറ്റിയിരുപത് രൂപയിലേറെയാണ്.