റിയാദ്: ബാഴ്സയുടെ ഏറ്റവും മോശം പ്രകടനമാണ് റയലിനെതിരെ ഞങ്ങള്‍ കളിച്ചതെന്നും ഉടന്‍ തിരിച്ചുവരുമെന്നും കോച്ച് സാവി. തോല്‍വിയില്‍ ക്ഷമ ചോദിക്കുന്നതായും സാവി പ്രതീകരിച്ചു.
ബാഴ്സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് സൂപ്പര്‍കോപ്പ ചാമ്പ്യന്മാരായതോടെയാണ് സാവിയുടെ പ്രതീകരണം. എല്‍ ക്ലാസിക്കോയില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബാഴ്സ പരാജയം വഴങ്ങിയത്. ബ്രസീലിയന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ വിനീഷ്യസ് ജൂനിയറിന്റെ തകര്‍പ്പന്‍ ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തില്‍ ബാഴ്സയ്ക്ക് കാഴ്ചക്കാരായി നില്‍ക്കാനേ സാധിച്ചിരുന്നുള്ളൂ.
ഫൈനലില്‍ തങ്ങളുടെ ഏറ്റവും മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്ന് സമ്മതിക്കുകയാണ് സാവി. ‘ഇതുപോലൊരു മത്സരത്തിന് ആവശ്യമായ നിലവാരം ഞങ്ങള്‍ കാണിച്ചിരുന്നില്ല. ഞങ്ങളുടെ ഏറ്റവും മോശം പ്രകടനമാണ് ഞങ്ങള്‍ കളിച്ചത്. ഒരുഘട്ടത്തിലും കാര്യങ്ങള്‍ ഞങ്ങള്‍ക്ക് സുഖകരമായിരുന്നില്ല. ഇനി വരാനിരിക്കുന്ന എല്ലാ വിമര്‍ശനങ്ങളും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്. ഈ ടീമിലും എന്നിലും ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്. ഈ പരാജയം ഒരു തിരിച്ചടിയാണ്. എന്നാല്‍ ഇത് ഫുട്ബോളാണ്. ബാഴ്സ തിരിച്ചുവരുമെന്ന് എനിക്ക് ഇപ്പോഴും ആത്മവിശ്വാസവും കരുത്തുമുണ്ട്’, സാവി കൂട്ടിച്ചേര്‍ത്തു.


