ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച് ബിജെപി.പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള വിദ്വേഷമാണ് കോണ്‍ഗ്രസ് നിലപാടിന്റെ പിന്നിലെന്ന് ബിജെപി വക്താവ് സുധാന്‍ഷു ത്രിവേദി പ്രതികരിച്ചു.കോണ്‍ഗ്രസ് രാജ്യത്തിനെ എതിര്‍ക്കുകയാണ് ചെയ്യുന്നത്, ഇപ്പോള്‍ ദൈവത്തിനെയും. ഇന്ത്യന്‍ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണ് അയോധ്യ രാമക്ഷേത്രം. അതേസമയം, കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും തീവ്ര രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ത്രിവേദി ആരോപിച്ചു.
ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസിലെ ഹര്‍ജിക്കാരനായ ഇഖ്ബാല്‍ അന്‍സാരിക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നു, അദ്ദേഹം അത് സ്വീകരിക്കുകയാണ് ചെയ്തത്. അതേസമയം കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്ക്കരിക്കുകയാണെന്നും ത്രിവേദി ചൂണ്ടിക്കാട്ടി. പ്രതിഷ്ഠ ചടങ്ങ് മുഴുവന്‍ ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് കൈക്കലാക്കിയെന്ന കോണ്‍ഗ്രസ് വാദം അദ്ദേഹം തള്ളികളയുകയും ചെയ്തു.
രാജ്യത്തിന്റെ അഭിമാനമാകേണ്ട ചരിത്ര മുഹൂര്‍ത്തങ്ങളില്‍ തടസം സൃഷ്ടിക്കാനാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലും, ജിഎസ്എടി നിയമഭേദഗതി അവതരിപ്പിച്ചപ്പോഴും, രാഷ്ട്രപതിമാരായ രാംനാഥ് കോവിന്ദ്, ദ്രൗപതി മുര്‍മു എന്നിവര്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ച സമയത്തും കോണ്‍ഗ്രസ് സമാനമായ രീതിയില്‍ തടസങ്ങള്‍ സൃഷ്ടിച്ചിരുന്നതായി ത്രിവേദി ആരോപിച്ചു.


