മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിന് സ്കൂള്‍ വിദ്യാര്‍ഥികളെ എത്തിക്കണമെന്ന് നിര്‍ദേശം. തിരൂരങ്ങാടി ഡി.ഇ.ഒ ആണ് നിര്‍ദേശം നല്‍കിയത്. ഒരു സ്കൂളില്‍ നിന്ന് 200 കുട്ടികളെ എത്തിക്കണമെന്നും അച്ചടക്കമുള്ള വിദ്യാര്‍ഥികളെ മാത്രം എത്തിച്ചാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. താനൂര്‍ മണ്ഡലത്തിലെ സ്കൂളുകളില്‍ നിന്ന് 200 കുട്ടികളെയും തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളില്‍ നിന്ന് നൂറ് കുട്ടികളെ വീതവും എത്തിക്കാനാണ് നിര്‍ദേശത്തില്‍ പറയുന്നത്.
ഇതിനായി സ്കൂള്‍ ബസ് ഉപയോഗിക്കാനാവുമോ എന്നതിലും കുട്ടികളെ കൊണ്ടുപോകണമെങ്കില്‍ രക്ഷിതാക്കളുടെ അനുവാദം തേടുന്നതും സ്വന്തം നിലയ്ക്ക് ചെയ്യണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ആവശ്യമെങ്കില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കാമെന്നും ഡി.ഇ.ഒ വ്യക്തമാക്കിയിട്ടുണ്ട്. പരപ്പനങ്ങാടി ഡിഇഒ ഓഫിസില്‍ ചേര്‍ന്ന പ്രധാനാധ്യാപകരുടെ യോഗത്തിലാണ് ഡിഇഒ നിര്‍ദേശം മുന്നോട്ട് വച്ചത്. സ്കൂള്‍ ബസുകള്‍ നവകേരള യാത്രയ്ക്ക് ഉപയോഗിക്കുന്നത് നേരത്തെ ഹൈക്കോടതി വിലക്കിയിരുന്നു.