എടപ്പാള്‍: കേരളത്തില്‍ സ്വകാര്യപങ്കാളിത്തത്തോടെ കെ.എസ്.ആര്.ടി.സി വാഹനപൊളിക്കല്‍ കേന്ദ്രങ്ങള്‍ തുറക്കും.ഇതിനായി കെ-റെയില്‍ െടന്‍ഡര്‍ ക്ഷണിച്ചു. പൊന്നാനി, എടപ്പാള്‍, പാറശാല, ചിറ്റൂര്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍ തുറക്കുന്നത്. പൊന്നാനിക്കായുള്ള ടെന്‍ഡര്‍ കഴിഞ്ഞദിവസമാണ് കെ.എസ്.ആര്.ടി.സിയ്ക്കു വേണ്ടി കെ.റെയില്‍ ക്ഷണിച്ചത്. ഇതിന് ഇ-ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഈ മാസം 30നാണ്. എടപ്പാള്‍, പാറശാല, ചിറ്റൂര്‍ എന്നീ കേന്ദ്രങ്ങള്‍ക്കായി 25ന് മുമ്ബ് താല്പര്യപത്രം നല്‍കണം.
കെ.റെയിലിനാണ് ടെന്‍ഡര്‍ നടപടികളുെട പൂര്ണചുമതലഎന്നാല്, കെ.എസ്.ആര്.ടി.സിയാകും അന്തിമമായി സ്വകാര്യ പങ്കാളിയെ തെരഞ്ഞെടുക്കുക. കേന്ദ്രത്തിന്റെ രൂപരേഖ, ഇതിന്റെ നിര്‍മാണം, നടത്തിപ്പ്, അറ്റകുറ്റപ്പണികള്‍ എന്നിവയുടെ ചുമതല സ്വകാര്യ കമ്ബനിക്കാവും. സ്ഥലം കെ.എസ്.ആര്.ടി.സി വിട്ടുനല്‍കും. സംസ്ഥാനത്ത് വാഹനം പൊളിക്കല്‍ കേന്ദ്രം നിര്‍മിക്കാനുള്ള അവകാശം കെ.എസ്.ആര്.ടി.സിക്കാണ്. സ്വകാര്യപങ്കാളിത്ത ത്തോടെയോ നേരിട്ടോ പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
പഴയ വാഹനങ്ങ ളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ ലക്ഷ്യമിട്ട് 2021 ആഗസ്റ്റിലാണ് കേന്ദ്രം വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ചത്. പഴയവാഹനങ്ങള്‍ പൊളിക്കുന്നവര്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്ട്രേഷനിലും നികുതിയിലും ഇളവും ലഭിക്കും. പൊളിക്കുന്ന വാഹനഘടകങ്ങള്‍ ഉരുക്കുനിര്മാണകമ്ബനികള്ക്ക് നല്‍കും. കലക്ഷന്‍ സെന്ററുകളിലൂടെയാകും വാഹനം സ്വീകരിക്കുക. ഇതിന്റെ പണവും ഉടന്‍ കൈമാറും. മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതി തേടിയശേഷം ആയിരിക്കും പൊളിക്കുന്നത്. ഉടമക്ക് വണ്ടി സ്ക്രാപ് ചെയ്തതായുള്ള രേഖയും നല്‍കും.
സംസ്ഥാനത്ത് 22 ലക്ഷത്തോളം പഴയവാഹനങ്ങള്‍ പൊളിക്കേണ്ടിവരുമെന്നാണ് നിഗമനം. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ 884ഉം കെ.എസ്.ആര്.ടി.സി.യുടെ 1622 വാഹനങ്ങളും ഉള്‍പ്പെടുമെന്നാണ് ധനവകുപ്പിന്റെ കണക്ക്. എന്നാല്‍, കെ.എസ്.ആര്.ടി.സി.യുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പഴയ ബസുകള്‍ പൊളിക്കുന്നതിനേക്കാള്‍ ലാഭകരം ഷോപ്പുകളാക്കി മാറ്റുന്നതാണെന്ന് കെ.എസ്.ആര്.ടി.സിയുടെ വിലയിരുത്തല്‍.


