തിരുവനന്തപുരം: രാത്രിയില്‍ നടന്ന ആക്രമണം കണ്ട്രോള് റൂമില്‍ വിളിച്ചറിയിച്ച യുവാവിനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച സംഭവത്തില്‍ വഞ്ചിയൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാനിഷിനെ കമ്മിഷണര്‍ സി. നാഗരാജു സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റായ കൊട്ടിയം സ്വദേശി സാനിഷിനാണ് മര്‍ദ്ദനമേറ്റത്. ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ സാനിഷ് കവറടി ജങ്ഷനില്‍ ഒരാളെ മറ്റൊരാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട് കണ്ട്രോള് റൂമില്‍ വിവരമറിയിക്കുകയായിരുന്നു.
എന്നാല്‍, രാത്രി പന്ത്രണ്ടരയ്ക്ക് വഞ്ചിയൂര്‍ പോലീസ് സാനിഷിനെ ഫോണ്‍ ചെയ്ത് കവറടി ജങ്ഷനിലെത്താന്‍ ആവശ്യപ്പെടുകയും സ്ഥലത്തെത്തിയ സാനിഷിനെ പോലീസുകാര്‍ അകാരണമായി മര്‍ദ്ദിച്ചെന്നുമാണ് പരാതി. ആശുപത്രിയില്‍ പോയശേഷം വഞ്ചിയൂര്‍ സ്റ്റേഷനില്‍ പരാതി നല്കാനെത്തിയപ്പോഴും മോശമായി പെരുമാറിയെന്നും സാനിഷിന്റെ പരാതിയിലുണ്ട്.
ആദ്യം പരാതി നിഷേധിച്ച പോലീസിന് സ്ഥലത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരാതിക്കാരന് ഹാജരാക്കുകയായിരുന്നു. ഇയാളെ പോലീസുകാരന് കഴുത്തിന് പിടിച്ച് തല ജീപ്പില്‍ ഇടിക്കുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍, പരാതിക്കാരന് മദ്യലഹരിയിലായിരുന്നെന്നും കണ്ട്രോള് റൂമില്‍ വെറുതേ വിളിച്ചുപറഞ്ഞതാണെന്ന് പറഞ്ഞെന്നും പോലീസുകാരെ അസഭ്യം പറഞ്ഞെന്നും വഞ്ചിയൂര്‍ പോലീസ് പറഞ്ഞു.