ഉത്തർപ്രദേശ് : അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ തലവൻ ഉൾപ്പെടെ നാല് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വ്യാപാരിയായ നൂർ അഹമ്മദും മൂന്ന് കൂട്ടാളികളും യമുന എക്സ്പ്രസ് വേയിൽ പതിവ് പട്രോളിംഗിനിടെ മഥുര ജില്ലയിൽ നിന്നാണ് അറസ്റ്റിലായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് ഹാഷിഷ് കടത്താൻ നൂർ അഹമ്മദ്, നൂർ ആലം, ആബിദ്, നരേന്ദ്ര കുമാർ എന്നിവർ ചേർന്ന് ഒരു സംഘം രൂപീകരിച്ചിരുന്നുവെന്നും നൂർ അഹമ്മദ് സംഘത്തിന്റെ തലവനായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ചോദ്യം ചെയ്യലിൽ നൂർ അഹമ്മദ് ദുബായിൽ ടാക്സി ഡ്രൈവറായിരുന്നുവെന്നും അവിടെവെച്ച് നരേന്ദ്രകുമാറുമായി സൗഹൃദം സ്ഥാപിച്ചിരുന്നതായും വ്യക്തമായി. 2021ൽ ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം ആബിദ് എന്ന യുവാവിനെയും മയക്കുമരുന്ന് ബിസിനസിൽ പങ്കാളിയാക്കിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഇമ്രാൻ ഖാൻ പറഞ്ഞു.
ഇവർ നേപ്പാളിൽ നിന്ന് ഒരു കിലോയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് ഹാഷിഷ് വാങ്ങി ഇന്ത്യയിൽ 10-15 മടങ്ങ് ഉയർന്ന വിലയ്ക്ക് വിറ്റതായി മറ്റൊരു ഉന്നത പോലീസ് ഉദ്യോഗസ്ഥനായ അവ്നീഷ് മിശ്ര കൂട്ടിച്ചേർത്തു.
മൊഴിയനുസരിച്ച് നൂർ അഹമ്മദ് മയക്കുമരുന്ന് സ്വീകരിക്കാൻ കാറിൽ ചമ്പാരന് സമീപം കാത്തുനിൽക്കും. നേപ്പാളിൽ നിന്ന് മയക്കുമരുന്ന് എത്തിയതായി നരേന്ദ്രൻ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, അവ കാറിൽ കയറ്റി ഇന്ത്യയിലുടനീളം വിതരണം ചെയ്യും. ഇവരിൽ നിന്ന് 50 കിലോ ഹാഷിഷ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം എല്ലാ പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.


