തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സേവാമെഡല്‍ പട്ടികയില്‍ ക്രിമിനല്‍ കേസ് പ്രതിയും കടന്നുകൂടി. ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസറായ കണ്ണദാസന്.വിയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസ് പ്രതി. ഇത് സംമ്പന്ധിച്ച് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. പാലക്കാട് ചിറ്റൂര്‍ ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കണ്ണദാസന്.
കണ്ണദാസന് എതിരെ കുഴല്‍മന്ദം പോലീസ് സ്റ്റേഷനില്‍ 155/2023 എന്ന നമ്പറില്‍ ക്രിമിനല്‍ കേസ് ഉണ്ടായിരിക്കെയാണ് അഗ്നിശമന സേവാ മെഡല്‍ പട്ടികയി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സേനയിലെ സഹ പ്രവര്‍ത്തകനെ ജാതി അധിക്ഷേപം നടത്തുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് കണ്ണദാസന്. ഇത്തരത്തില്‍ കേസ് നിലനില്‍ക്കവെയാണ് മുഖ്യമന്ത്രിയുടെ സേവാമെഡല്‍ പട്ടികയില്‍ കണ്ണദാസ് ഉള്‍പ്പെട്ടത്.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ക്ക് മെഡല്‍ നല്‍കരുതെന്നാണ് നിയമം. മെഡലിനായി പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പശ്ചാത്തലം കൃത്യമായി അന്വേഷിക്കണം എന്നിരിക്കെയാണ് ക്രിമിനല്‍ കേസ് പ്രതിയായ ഉദ്യോഗസ്ഥന് പട്ടികയില്‍ ഉള്‍പ്പെട്ടത്. സംഭവത്തില്‍ അഭ്യന്തര വകുപ്പിന് സംഭവിച്ചിരിക്കുന്നത് ഗുരുതര വീഴ്യാണ്.


