കൊച്ചി: ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഏകീകൃത രൂപം കൊണ്ട് വരുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൈബി ഈഡന് എം പി, എം എല്‍ എ ആയിരുന്ന കാലയളവില്‍ എറണാകുളം ജില്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ അനുവദിച്ച തുക കൊണ്ട് നിര്‍മ്മിച്ച ഐ പി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളുടെ വികസനവുമായി ബന്ധപ്പെട്ട് ഒരു ഏകീകൃത സ്വഭാവം കൊണ്ട് വരും. അതിന് വേണ്ടി കേന്ദ്ര ചികിത്സാ വകുപ്പിന്റെ കൂടി സഹകരണത്തോടെ പുതിയ പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരു ഗ്യാസ്ട്രോ സര്ജന്, ന്യൂറോ സര്ജന് എന്നിവരുടെ സേവനം ലഭ്യമല്ലെന്ന് ഹൈബി ഈഡന് എം പി മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. ജനറല്‍ ആശുപത്രിയില്‍ ന്യൂറോ സര്‍ജനെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ജനറല്‍ ആശുപത്രിയില്‍ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ധനമന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ യോഗം ഉടന്‍ ചേരുമെന്നും മന്ത്രി പറഞ്ഞു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടം സംബന്ധിച്ചുണ്ടാകുന്ന കാലതാമസങ്ങളും പരാതികളും പരിഹരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മറുപടി നല്കി. വ്യക്തിയുടെ ആരോഗ്യ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് ആയുഷ് മേഖലയ്ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. വളരെ ശോചനീയ അവസ്ഥയില്‍ ജില്ലാ ഹോമിയോ ആശുപത്രിയെ മികച്ച മാതൃക ആക്കി മാറ്റിയതിന് ഹൈബി ഈഡന് എം പിയെ മന്ത്രി അഭിനന്ദിച്ചു.
ഹൈബി ഈഡന് എം പി, എം എല്‍ എ ആയിരുന്ന 2017-18 കാലയളവിലാണ് ഐ പി കെട്ടിട നിര്‍മ്മാണത്തിന് എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.52 കോടി രൂപ അനുവദിക്കുന്നത്. അതിന് മുന്‍പ് എം എല്‍ എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും അദ്ദേഹം ഒ പി ബ്ലോക്കിനായി അനുവദിച്ചിരുന്നു. വളരെ ശോചനീയ അവസ്ഥയില്‍ ഇടിഞ്ഞു വീഴാരായിരുന്ന ജില്ലാ ഹോമിയോ ആശുപത്രി ഇതോടെ മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയായി മാറിയിരിക്കുകയാണ്.25 കിടക്കകളുള്ള പുതിയ ഐ പി ബ്ലോക്കില്‍ ക്ലിനിക്കല്‍ ലബോറട്ടറി, പെയ്ന് & പാലിയേറ്റീവ് യൂണിറ്റ്, എമര്‍ജന്‍സി റൂം, അടുക്കള, ജനറല്‍ വാര്‍ഡ്, പേ വാര്‍ഡ് , ഓഫീസ് , യോഗ കേന്ദ്രം എന്നിവയാണ് പുതിയ ഐ പി ബ്ലോക്കില്‍ ഉള്ളത്. ഐ പി ബ്ലോക്കിലേക്ക് ആവശ്യമായ സാധന സാമഗ്രികള്‍ വാങ്ങുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചിരുന്നു.
നിലവില്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ വന്ധ്യതാ നിവാരണ ക്ലിനിക്കായ ജനനി, ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ആയുഷ്മാന്‍ ഭവ, കുട്ടികളുടെ ബൗദ്ധിക മാനസീക വികസനം ലക്ഷ്യമാക്കിയ സദ്ഗമയ, കിടപ്പു രോഗികള്‍ക്ക് സാന്ത്വനവും പരിചരണവും നല്കുന്ന ചേതന, നാഷണല്‍ ആയുഷ് മിഷന്റെ പദ്ധതിയായ ആസ്തമ അല്ലര്‍ജി ക്ലിനിക്കും പ്രവര്‍ത്തിക്കുന്നുണ്ട്.
ഹൈബി ഈഡന് എം പി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി. ജെ. വിനോദ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിത റഹീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം ജെ ജോമി, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശ സനല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ശാരദ മോഹന്‍, മനോജ് മൂത്തേടന്, ഷൈമി വര്‍ഗീസ്, എല്‍സി ജോര്‍ജ്, കൗണ്‍സിലര്‍ ബിന്ദു ശിവന്, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എം.എസ്. നൗഷാദ്, നാഷണല്‍ ഹെല്‍ത്ത് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ നിഖിലേഷ് മേനോന്, ആശുപത്രി സൂപ്രണ്ട്. ഡോ. മേഴ്സി ഗോണ്‍സാല്‍വസ്, ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ്, എച്ച് എം.സി അംഗങ്ങളായ ജോണ്‍ ടി.എസ്, ഷാജി നമ്പ്യാര്‍. മിനിമോള്‍ , ബിജു ചൂളക്കല്‍, ജോസഫ് . കെ.കെ, കെ.ടി ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


