കണ്ണൂർ : കണ്ണൂരിൽ പട്ടാപ്പകൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു.
ജില്ലാ ആശുപത്രിക്ക് സമീപം രാവിലെയാണ് ദാരുണ സംഭവമുണ്ടായത്. പ്രസവവേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം.
കുറ്റിയാട്ടൂർ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.
വാഹനമോടിച്ച ഭർത്താവിനൊപ്പം മുൻവശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്. ഡോർ ജാമായതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല.കാറിന് തീപിടിച്ച് അൽപ്പസമയത്തിനുളളിൽ ഡ്രൈവർ പുറകിലെ ഡോർ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടത്. ആശുപത്രിയിലെത്താൻ മിനിറ്റുകൾ അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്. കാർ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ച ശേഷമാണ് ഇരുവരേയും പുറത്തെടുക്കാനായത്.


