ഷുക്കൂര്‍ വധത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം നടത്തിയെന്ന പ്രചാരണത്തില്‍ മാധ്യമങ്ങളെ പഴിച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്. ഗൗരവമായ ആരോപണം എന്ന പരാമര്‍ശത്തില്‍ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്കി. പറയുന്ന കാര്യത്തിന്റെ അന്തസ്സത്ത നോക്കാതെ വ്യാജ വാര്‍ത്ത ഉണ്ടാക്കുന്നുവെന്നും സുധാകരന് ആരോപിച്ചു. കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ആരോപണത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും കെ സുധാകരന്റെ കുറിപ്പ് വിശദമാക്കുന്നു.
കോണ്‍ഗ്രസ് – ലീഗ് നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പ് വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും സുധാകരന് പ്രസ്താവനയില്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം ഗുരുതരമാണെന്ന സുധാകരന്റെ പരാമര്‍ശം യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കുമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരായ ഗുരുതര വകുപ്പുകള്‍ ഒഴിവാക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്നാണ് കണ്ണൂരിലെ അഭിഭാഷകനായ ടി.പി ഹരീന്ദ്രന്‍ ആരോപിച്ചത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ആദ്യഘട്ടത്തില്‍ പൊലീസിന് നിയമോപദേശം നല്കിയ അഭിഭാഷകനാണ് ടി.പി ഹരീന്ദ്രന്‍.
കേസില്‍ പി ജയരാജനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്നാണ് ടി.പി ഹരീന്ദ്രന്‍ ആരോപിച്ചത്. അന്നത്തെ ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര് നായരെ ഫോണില്‍ വിളിച്ച് കൊലക്കുറ്റം ചുമത്തരുതെന്ന് നിര്‍ദേശം നല്കി. ജില്ലാ പൊലീസ് മേധാവി ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിയുമായി സംസാരിക്കുന്നതിന് താന്‍ ദൃക്സാക്ഷിയാണ്. ഗൂഢാലോചനാക്കുറ്റം കുറ്റകൃത്യം നടക്കുന്നു എന്നറിഞ്ഞിട്ടും തടഞ്ഞില്ലെന്ന വകുപ്പായി മാറിയെന്നും ഇത് സമ്മര്‍ദത്തിന്റെ ഭാഗമാണെന്നുമാണ് ടി.പി ഹരീന്ദ്രന്‍ ആരോപിച്ചത്.
കെ സുധാകരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
മുസ്ലിംലീഗിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും സമുന്നതനായ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ ഞാന്‍ സംസാരിച്ചു എന്ന രീതിയില്‍ ഒരു വ്യാജപ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.
അബദ്ധജടിലമായ വ്യാജ പ്രചാരണമാണിത്. കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ഡിസിസിയില്‍ എത്തിയപ്പോള്‍ അഭിഭാഷകനായ ടി പി ഹരീന്ദ്രന്റെ ആരോപണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ ഇതു സംബന്ധമായ വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഗൗരവകരമായ വിഷയമായതിനാല്‍ പഠിച്ചിട്ട് പ്രതികരിക്കാം എന്നും ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിലെ ഗൗരവം എന്ന പദം അമിത രാഷ്ട്രീയ പ്രാധാന്യത്തോടെ വിവാദം ഉണ്ടാക്കാന്‍ ഉപയോഗിക്കുകയായിരുന്നു. പറയുന്ന കാര്യങ്ങളിലെ അന്ത:സത്ത ഉള്‍ക്കൊള്ളാതെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്തുതരം മാധ്യമപ്രവര്‍ത്തനമാണ് ?
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഇ പി ജയരാജന് ഗുരുതരമായ ആരോപണങ്ങള്‍ നേരിടുമ്പോള്‍ അതില്‍നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണോ ഇത്തരമൊരു വിവാദത്തിന് പിന്നില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കുഞ്ഞാലിക്കുട്ടി സാഹിബിന് എതിരായ ആരോപണം അടിസ്ഥാന രഹിതമാണ്.അരിയില്‍ ഷുക്കൂറിനെ കൊന്നതും കൊല്ലിച്ചതും കൊലയാളികളെ സംരക്ഷിക്കുന്നതും സിപിഎം എന്ന ക്രിമിനല്‍ പാര്‍ട്ടി തന്നെയാണ്. നേതാക്കളെ കരിവാരിത്തേക്കാനായി ഉന്നയിച്ച വ്യാജ ആരോപണങ്ങള്‍ക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിക്കും.
പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് വ്യാജ വാര്‍ത്തകളാക്കി കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പ് വരുത്താനുള്ള പാഴ്ശ്രമങ്ങള്‍ സ്ഥാപിത താല്പര്യക്കാര് കുറച്ചു കാലങ്ങളായി നടത്തുന്നുണ്ട് .അത്തരം വ്യാജ പ്രചാരണങ്ങളില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകര്‍ വീണുപോകരുതെന്ന് സ്നേഹത്തോടെ ഓര്‍മ്മപ്പെടുത്തുന്നു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ ദുര്‍ബലവകുപ്പുകള്‍ ചുമത്താന്‍ പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടന്ന കണ്ണൂരിലെ അഭിഭാഷകന് ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍ ഗൌരവമേറിയ കാര്യമെന്നായിരുന്നു നേരത്തെ സുധാകരന് പ്രതികരിച്ചത്. ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്നാല്‍ ഹരീന്ദ്രനുമായി സംസാരിക്കാതെ പ്രതികരിക്കാനാകില്ലെന്നും സുധാകരന് നേരത്തെ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തേക്കുറിച്ചാണ് നിലവിലെ വിശദീകരണ കുറിപ്പ്.


