നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു. 10 വയസുകാരി നിദ ഫാത്തിമയാണ് ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. ആലപ്പുഴ സ്വദേശിയാണ്. കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച നിദയ്ക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടര്‍ന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
മത്സരിക്കാനെത്തിയ കേരളാ താരങ്ങള്‍ നേരിട്ടത് കടുത്ത അനീതിയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേരള ടീമിന് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷന് നല്‍കിയിരുന്നില്ല. രണ്ട് ദിവസം മുമ്പ് നാഗ്പൂരില്‍ എത്തിയ ടീം കഴിഞ്ഞത് താല്‍ക്കാലിക സൗകര്യങ്ങളിലാണ്. കോടതി ഉത്തരവോടെ എത്തിയ ടീമിനോടാണ് കടുത്ത അനീതിയെന്നാണ് ആക്ഷേപം.
മത്സരിക്കാന്‍ മാത്രമാണ് കോടതി ഉത്തരവെന്നും മറ്റ് സൗകര്യങ്ങള്‍ നല്‍കില്ലെന്നും ഫെഡറേഷന് അറിയിക്കുകയായിരുന്നു. കുട്ടി അത്യാസന്ന നിലയിലായതറിഞ്ഞ് ആലപ്പുഴയില്‍ നിന്ന് ബന്ധുക്കള്‍ നാഗ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.