പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും മഴ കുറഞ്ഞ സാഹചര്യത്തില്‍ പെരിയാര്‍ വാലി കനാലിലൂടെ ജലസേചനം ഡിസംബര്‍ അവസാനത്തോടെ ആരംഭിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു. എം.എല്‍.എയൂടെ നിര്‍ദ്ദേശ പ്രകാരം തിങ്കളാഴ്ച ജല വിതരണത്തിന്റെ ട്രയല്‍ റണ്‍ നടത്തി.
ജല വിതരണം എത്രയും വേഗത്തില്‍ ആരംഭിച്ചു കര്‍ഷകരുടെയും ജനങ്ങളുടെയും കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പെരിയാര്‍ വാലി എക്സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടിരുന്നു.
കനാലുകളുടെ വശങ്ങള്‍ക്കുള്ളില്‍ നില്ക്കുന്ന മരങ്ങള്‍ വെട്ടി നീക്കണമെന്നും എംഎല്‍എ പെരിയാര്‍ വാലിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇത് നീക്കം ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എംഎല്‍എ നിര്‍ദ്ദേശം നല്‍കിയത്.
കാലാവര്‍ഷം അവസാനിച്ചതോടെ ജല ലഭ്യത കുറഞ്ഞത് മൂലം വരള്‍ച്ച ശക്തമായിരിക്കുകയാണ്. പെരിയാര്‍വാലി കനാലിലൂടെയുള്ള ജല ലഭ്യത അനുസരിച്ചു കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് എം.എല്‍.എ എക്സിക്യൂട്ടീവ് എഞ്ചിനീയറെ അറിയിച്ചു. കനാല്‍ വെള്ളത്തിന്റെ അപര്യാപ്തത മൂലം ജല അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനില്‍ ജലവിതരണം ഭാഗീകമായി തടസപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും എം.എല്‍.എ ചൂണ്ടി കാട്ടി.
കാലവര്‍ഷം ശക്തമായപ്പോള്‍ പല ഇടങ്ങളിലും കാനലിന്റെ വശങ്ങള് ഇടിഞ്ഞിരുന്നു. ഇതിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ ആണ്. കനാലിന്റെ ശുചീകരണ ജോലികള്‍ ഭൂരിഭാഗവും ഇതിനോടകം പൂര്‍ത്തിയായി. തൊഴിലുറപ്പ് തൊഴിലാളികള്‍ ആണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

