ഖത്തറിലെ ഫൈനല്‍ തന്റെ അവസാന ലോകകപ്പ് മല്‍സരമായിരിക്കുമെന്ന് ലയണല്‍ മെസി. ഫൈനല്‍ കളിച്ച് ഈ യാത്ര അവസാനിപ്പിക്കുന്നതില്‍ സന്തോഷമെന്നും വിജയത്തിനായി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിഗത നേട്ടങ്ങളല്ല, ടീമിന്റെ നേട്ടമാണ് പ്രധാനമെന്നും താരം വ്യക്തമാക്കി. 11 ഗോളുകളുമായി ഇതിഹാസ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെ മറികടന്ന മെസി, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മല്‍സരം കളിച്ച താരമെന്ന ലോതര്‍ മത്തേയൂസിന്റെ റെക്കോര്‍ഡിനൊപ്പവും എത്തി.
ആദ്യ മത്സരത്തില്‍ സൗദിയോട് പരാജയപ്പെട്ടത് തിരിച്ചടിയായി. പക്ഷെ എത്രത്തോളം കരുത്തരാണ് അര്‍ജന്റീനയെന്ന് തെളിയിച്ചെന്ന് ലയണല്‍ മെസി പറഞ്ഞു. അര്‍ജന്റീനിയന്‍ വാര്‍ത്ത ഏജന്‍സിയായ ഡയറോ ഡിപ്പോര്‍ട്ടിവോയോടായിരുന്നു മെസിയുടെ പ്രതികരണം. അര്‍ജന്റീനയ്ക്ക് വേണ്ടി താരം ഇനി ബൂട്ട് അണിയില്ല.
ഇന്നലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് മെസ്സിപ്പട പരാജയപ്പെടുത്തി. 2014ന് ശേഷം ആദ്യമായാണ് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ എത്തുന്നത്.
ലുസൈല്‍ സ്റ്റേഡിയത്തിലെ പച്ച പുല് മൈതാനിയില്‍ നിന്ന് മെസ്സി മടങ്ങുന്നത് തനിക്ക് മാത്രം അവകാശപ്പെട്ട ഒരു പിടി നേട്ടങ്ങള്‍ ഒപ്പം കൂട്ടിയാണ്. 11 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തില്‍ അര്‍ജന്റീനയുടെ ഏറ്റവും ഉയര്‍ന്ന ഗോള്‍ സ്കോററായി മാറിയിരിക്കുകയാണ് മെസ്സി. ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ 10 ഗോളുകളുടെ റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്. കൂടാതെ ഈ ലോകകപ്പില്‍ മെസ്സി നേടുന്ന അഞ്ചാം ഗോള്‍കൂടിയാണിത്. ഖത്തറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ഫ്രാന്‍സിന്റെ എംബാപ്പെയ്ക്കൊപ്പവും മെസ്സിയെത്തി.
ഡിസംബര്‍ 18ന് നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോ മൊറോക്കോയ്ക്കോ എതിരെയാണ് അര്‍ജന്റീനയുടെ കലാശപ്പോര്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന ജര്‍മനിയുടെ ലോതര്‍ മത്തൗസിലിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ മെസ്സിക്ക് കഴിഞ്ഞു. ഡിസംബര്‍ 18 ലെ ഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കും.
മാത്രവുമല്ല ഒരു ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരന് കൂടിയാണ് മെസ്സി ഇപ്പോള്‍. ഖത്തറില്‍ അഞ്ച് ഗോളുകള്‍ നേടുകയും മൂന്ന് ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ 1966 ന് ശേഷം, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയ കളിക്കാരുടെ പട്ടികയില്‍ മെസ്സിയും ചേര്‍ന്നു.