ഛത്തീസ്ഗഢിലെ പണിതീരാത്ത മേല്‍പ്പാലത്തില്‍ നിന്ന് വീണ് ദമ്പതിമാര്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ ദുര്‍ഗ് റായ്പൂര്‍ റോഡില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ആജുരാം ദേവനാഗം (46), ഭാര്യ നിര്‍മല (42) എന്നിവര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. ഇവരുടെ മകള്‍ അന്നുവിന് (12) ഗുരുതരമായി പരുക്കേറ്റു. കുട്ടിയെ റായ്പൂര്‍ എയിംസില്‍ പ്രവേശിപ്പിച്ചു.
ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ 30 അടി താഴ്ചയിലേക്ക് വീണായിരുന്നു അപകടം. മേല്‍പ്പാലത്തില്‍ നിന്ന് ഒരു കാറും താഴേക്ക് വീണെങ്കിലും കാര്‍ ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ദേശീയപാത 53ല്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലത്തില്‍ വച്ചാണ് അപകടം നടന്നത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം. മേല്‍പ്പാലത്തിന്റെ ഒരു ഭാഗം പൂര്‍ണമായും പണികഴിഞ്ഞതാണ്. എന്നാല്‍, മറുവശത്ത് പണി കഴിഞ്ഞിരുന്നില്ല. ഇത് സംബന്ധിച്ച് അപായ സൂചനയും ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിനു കാരണം. അപകടത്തിനു ശേഷം പൊലീസ് ഇവിടെ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.


