ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിയാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഖത്തറില്‍ നിന്ന് മടക്കം. പോര്‍ച്ചുഗലിന് വേണ്ടി യൂറോകപ്പും യുവേഫ നേഷന്‍സ് കിരീടവും സമ്മാനിച്ച നായകന് ഇതാ സ്വന്തം ടീമില്‍ പകരക്കാരനാക്കപ്പെട്ട്, ലോകകിരീടമെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങുന്നു.
മൊറോക്കോയ്ക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് പോര്‍ച്ചുഗീസ് നായകന് റൊണാള്‍ഡോ രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയത്. ഇതായിരുന്നില്ല ക്രിസ്റ്റ്യാനോ അര്‍ഹിച്ചതെന്ന് ആരാധകരും പറയുന്നു. സ്വാര്‍ത്ഥനാണെന്ന് വിമര്‍ശകര്‍ പറയുമ്പോഴും ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിനെ യൂറോപ്പിന്റെ ചാംപ്യന്മാരാക്കി അതിന് മറുപടി നല്കി.
പകരക്കാരനായി ഇന്നലെ ഗ്രൗണ്ടിലെത്തിയപ്പോള്ത്തൊട്ട് ഗോളടിക്കാനായി കിണഞ്ഞു ശ്രമിച്ച റൊണാള്‍ഡോയ്ക്ക് ലക്ഷ്യം കാണാനായില്ല. ഒടുവില്‍ നിശ്ചിത സമയമവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ബലത്തില്‍ മൊറോക്കോ സെമി ഫൈനല്‍ ബെര്‍ത്തുറപ്പിച്ചു.
2026-ല്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുക എന്നത് റൊണാള്‍ഡോയെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. നിലവില്‍ 37 വയസുണ്ട് താരത്തിന്. അതുകൊണ്ടുതന്നെ അവസാന ലോകകപ്പ് മത്സരവും കഴിഞ്ഞ് ലോകകിരീടത്തില്‍ മുത്തമിടാനാവാതെ നീങ്ങുകയാണ് സിആര്‍ സെവന്.