കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ ഫുട്ബോള്‍ ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറുടേയും കട്ട് ഔട്ടുകള്‍ എടുത്തുമാറ്റണമെന്ന് ചാത്തമംഗലം പഞ്ചായത്ത്. പുഴയില്‍ സ്ഥാപിച്ച കട്ട് ഔട്ടുകള്‍ എടുത്തുമാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ മുന്നറിയിപ്പ്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ വൈറലായ ഈ കട്ട് ഔട്ടുകള്‍ നീക്കം ചെയ്യാന്‍ തങ്ങള്‍ തയാറല്ലെന്ന ഉറച്ച നിലപാടിലാണ് അര്‍ജന്റീന, ബ്രസീല്‍ ഫാന്‍സ്.
ഫുട്ബോള്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഈ കട്ട് ഔട്ടുകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ശ്രദ്ധ നേടിയിരുന്നു. കട്ട് ഔട്ടുകള്ക്കെതിരെ നിയമനടപടി സ്വീകരിച്ചാല്‍ അതിനെ നിയമവഴിയില്‍ തന്നെ നേരിടുമെന്നാണ് ആരാധകര്‍ പറയുന്നത്. ചിലരുടെ വിലകുറഞ്ഞ പ്രചാരണമാണ് പരാതിക്ക് പിന്നിലെന്നാണ് ഫുട്ബോള്‍ ആരാധകരുടെ ആരോപണം.
പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത്. കട്ടൗട്ടുകള്‍ എടുത്ത് മാറ്റാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടില്ലെന്നും ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ഗഫൂര്‍ പറഞ്ഞു. ഒരു വക്കീല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിഭാഷകനായ ശ്രീജിത്ത് പെരുമനയായിരുന്നു കട്ടൗട്ടുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തില്‍ പരാതി നല്‍കിയത്. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്ന് കാട്ടിയായിരുന്നു നടപടി. കട്ടൗട്ടുകള്‍ സ്ഥാപിച്ചത് നിയമ വിരുദ്ധമായാണെന്നും പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച 30 അടി പൊക്കമുള്ള മെസ്സിയുടെ കട്ടൗട്ട് അന്താരാഷ്ട്ര കായിക മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. കേരളത്തിലെ ഫുട്ബോള്‍ പ്രേമത്തിന്റെ തീവ്രത ചൂണ്ടിക്കാണിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. അര്‍ജന്റീന ആരാധകര്‍ പുഴയുടെ നടുവിലെ തുരുത്തില് കട്ടൗട്ട് വെച്ചതിന് പിന്നാലെ ബ്രസീല്‍ ആരാധകരെത്തി അതിലും വലുപ്പമുള്ള കട്ടൗട്ട് പുഴക്കരയില്‍ വെച്ചു. 40 അടി വലുപ്പമുള്ള നെയ്മര്‍ ഫ്ലക്സ് വന്നതോടെ പുള്ളാവൂരിലെ ഫുട്ബോള്‍ ഫാന്‍ ഫൈറ്റിന് കൗതുകമേറി. മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് പ്രതികരിച്ചിരുന്നു.