കണ്ണൂര്‍ പാനൂരില്‍ ഇരുപത്തിമൂന്ന് വയസുകാരിയായ വിഷ്ണുപ്രിയയെ പ്രണയപ്പകയില്‍ വീട്ടില്‍ കയറി കൊന്ന കേസില്‍ അറസ്റ്റിലായ പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം നടത്തിയിരുന്നതായി വിവരം. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാള്‍ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. പ്രണയം തകര്‍ന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെണ്‍കുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാന്‍ തീരുമാനിച്ചു.
ആദ്യം ആരെ കൊല്ലണമെന്ന് ശ്യംജിത്ത് തീരുമാനിച്ചിരുന്നില്ല. അവസരം ഒത്തുവന്നപ്പോള്‍ വിഷ്ണുപ്രിയയെ കൊന്നു. പിന്നാലെ പൊന്നാനി സ്വദേശിയെ കൊല്ലാനായിരുന്നു പദ്ധതിയെന്ന് അന്വേഷണസംഘം പറഞ്ഞു.
കൊലപാതകം നടത്താന്‍ ശ്യാംജിത്തിന് പ്രചോദനമായത് സീരിയല്‍ കില്ലര്‍ സിനിമകളാണ്. അഞ്ചാം പാതിരയെന്ന സിനിമ ശ്യാംജിത്തിനെ സ്വാധീനിച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. ഇത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താന്‍ പ്രതി തീരുമാനിച്ചത്. ഈ സിനിമ 20 തവണയാണ് ശ്യംജിത്ത് കണ്ടത്. കത്തി നിര്‍മിച്ചത് മൂന്നുദിവസം കൊണ്ടാണെന്നും ഇതിനുള്ള ഇരുമ്പും പിടിയും വാങ്ങിയത് പാനൂരില്‍ നിന്നാണെന്നും പൊലീസ് പറയുന്നു. മൂര്‍ച്ച കൂട്ടാനുള്ള ഉപകരണവും ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെത്തി.
വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും. ശ്യാംജിത്ത് എത്തുമ്പോള്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു വിഷ്ണുപ്രിയ. പെണ്‍കുട്ടിയെ തലക്കടിച്ച് വീഴ്ത്തുന്നത് സുഹൃത്ത് ഫോണിലൂടെ കണ്ടിരുന്നു.
വീട്ടില്‍ കയറി പെണ്‍കുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. കുളത്തില്‍ ഉപേക്ഷിച്ച ബാഗിലാണ് കൊലപാതക കൃത്യത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്ക്, തൊപ്പി, സ്ക്രൂ ഡ്രൈവര്‍ എന്നിവയും ബാഗിലുണ്ടായിരുന്നു.


