ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചിലില്‍ 10 മരണം. എട്ട് പേരെ രക്ഷപ്പെടുത്തി. 11 പേര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ഉത്തരകാശിയിലെ നെഹ്രു മൗണ്ടനീറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളായ 28 പാര്‍വതാരോഹകരാണ് കുടുങ്ങി കിടക്കുന്നത്.
കരസേന, എന്‍ഡിആര്‍എഫ്, എസ്ടിആര്‍എഫ്, ഐടിബിപി എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ദാമി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിായി വ്യോമസേനയുടെ രണ്ട് ചീറ്റ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്.
നെഹ്റു മൗണ്ടെനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 34 വിദ്യാര്‍ത്ഥികളും ഏഴ് പരിശീലകരും അടങ്ങുന്ന സംഘം മടങ്ങുന്നതിനിടെയാണ് ഇന്ന് രാവിലെ 8.45 ഓടെ ഹിമപാതമുണ്ടായത്. അപകടത്തില്‍ മരിച്ച 10 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. എട്ടു പേരെ രക്ഷപ്പെടുത്തിയതായി ദുരന്തനിവാരണ സേന അറിയിച്ചു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
പ്രദേശത്തുണ്ടായ ശക്തമായ മഴയാണ് ഹിമപാതത്തിന് കാരണമെന്ന് വിലയിരുത്തുന്നു. അപകടത്തെ തുടര്‍ന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

