ആലപ്പുഴ: ഒരു പതിറ്റാണ്ടിനുശേഷം പുന്നമടക്കായലിന്റെ ഓളപ്പരപ്പില്‍ ശരവേഗത്തില്‍ കുതിച്ച പായിപ്പാടന് ജലരാജാവ്. നെഹ്റുട്രോഫി ജലോത്സവത്തിന്റെ 66–ാമത് പതിപ്പില്‍ ആവേശം അലയടിച്ച ഫൈനലില്‍ പള്ളാത്തുരുത്തി ബോട്ട്ക്ലബാണ് പായിപ്പാടന്റെ വിജയശില്‍പ്പി. ജെയിംസ്കുട്ടി ജേക്കബ് ക്യാപ്ടനായ പായിപ്പാടന് 4.28:96 മിനിറ്റില്‍ ഫിനിഷ് ചെയ്തു.
കന്നിപ്പോരാട്ടത്തിനിറങ്ങിയ കേരള പൊലീസ് ടീമിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതിലിനാണ് രണ്ടാംസ്ഥാനം. ആലപ്പുഴ ജില്ലാപൊലീസ് മേധാവി എസ് സുരേന്ദ്രന് ക്യാപ്ടനായ കാട്ടില്‍തെക്കേതില്‍ 4.39:14 മിനിറ്റ് സമയം കുറിച്ചു. യുബിസി കൈനകരിയുടെ ആയാപറമ്ബ് പാണ്ടി മൂന്നാംസ്ഥാനവും (4.39:54 മിനിറ്റ്) കുമരകം കൈപ്പുഴമുട്ട് എന്‍സിഡിസി ബോട്ട്ക്ലബിന്റെ ചമ്ബക്കുളം (4.39:67 മിനിറ്റ്) നാലാംസ്ഥാനവും നേടി. 2005, 2006, 2007 വര്‍ഷത്തില്‍ കുമരകം ടൗണ്‍ ബോട്ട്ക്ലബ് തുഴഞ്ഞ് ഹാട്രിക് കിരീടം നേടിയതാണ് പായിപ്പാടന്റെ ഒടുവിലത്തെ വിജയം. 1998ല്‍ ചമ്ബക്കുളം ചുണ്ടനില്‍ വിജയിച്ചശേഷമുള്ള പള്ളാത്തുരുത്തി ബോട്ട്ക്ലബിന്റെയും സുവര്‍ണനേട്ടം.
പ്രളയക്കെടുതിയെ അതിജീവിച്ച കേരളം പുനര്‍നിര്‍മാണത്തിലേക്ക് കുതിക്കുകയാണെന്ന സന്ദേശം പകര്‍ന്നാണ് ആഗസ്ത് 11 ന് നടക്കേണ്ടിയിരുന്ന ജലോത്സവം മൂന്നുമാസങ്ങള്‍ക്കുശേഷം സംഘടിപ്പിച്ചത്. വൈകിവന്ന വള്ളംകളിയിലും ജലോത്സവപ്രേമികളുടെ ആവേശത്തിന് കുറവുണ്ടായില്ല. പുന്നമടക്കായലിന്റെ ഇരുകരകളിലും തിങ്ങിക്കൂടിയ പതിനായിരങ്ങളുടെ ആര്‍പ്പുവിളികള്‍ക്കിടയിലായിരുന്നു മത്സരങ്ങള്‍ മുറുകിയത്. കരുത്തന്മാര് അണിനിരന്ന ഫൈനല്‍ പോരാട്ടവും പുന്നമടയെ പുളകംകൊള്ളിച്ചു. ഫിനിഷിങ്ങിന് 100 മീറ്റര്‍ മുമ്ബുവരെ ഒരേപോലെയാണ് നാലുചുണ്ടന്വള്ളങ്ങളും കുതിച്ചെത്തിയത്. എന്നാല്‍ അവസാനത്തെ തുഴമുറുക്കിയുള്ള കുതിപ്പില്‍ പായിപ്പാടന് ഒന്നരവള്ളപ്പാടോളം എതിരാളികളെ പിന്നിലാക്കി നെഹ്റുട്രോഫിയില്‍ മുത്തമിട്ടു.
വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ നാട്ടകം ബോട്ട്ക്ലബ് തുഴഞ്ഞ അമ്ബലക്കടവന് (ക്യാപ്ടന് ടിനോ കെ തോമസ്) വിജയിച്ചു. വെളിയനാട് റോവേഴ്സ് ബോട്ട്ക്ലബിന്റെ ജെയ്ഷോട്ടിനാണ് (ക്യാപ്ടന് ചെറിയാന് വര്‍ഗീസ്) രണ്ടാംസ്ഥാനം. ഇരുട്ടുകുത്തി ഒന്നാംതരത്തില്‍ എറണാകുളം കൊച്ചിന് ടൗണ്‍ ടിബിസിയുടെ ടി എ കുരുവിള ക്യാപ്ടനായ തുരുത്തിത്തറ ഒന്നും കെ എ സന്തോഷ്കുമാര്‍ നയിച്ച എസ്ഡബ്ല്യൂയു ടി ഡി സ്പോര്‍ട്സ് ക്ലബിന്റെ മൂന്നുതൈയ്ക്കല്‍ രണ്ടും സ്ഥാനം നേടി. ചുരുളന്‍ വിഭാഗത്തില്‍ പറവൂര്‍ മലര്‍വാടി ബോട്ട്ക്ലബിന്റെ കെ എസ് ആഷിക്ക് നയിച്ച കോടിമത വിജയിച്ചു. കുമരകം കണാര് കെവിബിസിയുടെ വേലങ്ങാടന്‍ (ക്യാപ്ടന് പി വി റോയി) രണ്ടാമതെത്തി. വെപ്പ് ബി ഗ്രേഡില്‍ പരിപ്പ് ബോട്ട്ക്ലബിന്റെ പി ജി കരിപ്പുഴ ഒന്നും വീയപുരം സെന്‍ട്രല്‍ ബോട്ട്ക്ലബിന്റെ പുന്നത്ര പുരയ്ക്കല്‍ രണ്ടും സ്ഥാനം നേടി. ഇരുട്ടുകുത്തി ബി ഗ്രേഡില്‍ താന്തോന്നിത്തുരുത്ത് ടിബിസിയുടെ ഗോതുരുത്ത് പുത്രന് വിജയിച്ചു. തൃശൂര്‍ വന്നേരിമാട് ബോട്ട്ക്ലബിന്റെ പുത്തന്പറമ്ബനാണ് രണ്ടാംസ്ഥാനം.
ഗവര്‍ണര്‍ പി സദാശിവം ജലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി ടി എം തോമസ് ഐസക്ക് അധ്യക്ഷനായി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, പി തിലോത്തമന്, കെ സി വേണുഗോപാല്‍ എംപി, തെന്നിന്ത്യന്‍ താരം അല്ലുഅര്ജുന് എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ എസ് സുഹാസ് സ്വാഗതവും സബ്കലക്ടര്‍ വി ആര് കൃഷ്ണതേജ നന്ദിയും പറഞ്ഞു. വിജയികള്‍ക്ക് തോമസ് ഐസക്ക് സമ്മാനദാനം നിര്‍വഹിച്ചു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും കാണികള്‍ക്ക് ആവേശം പകരാന്‍ എത്തിയിരുന്നു.


