കോട്ടയം: മാന്നാനത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും. കെവിന്റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരം കെവിന് കൊലക്കേസ് അതിവേഗകോടതിയിലേക്ക് മാറ്റും. 
കെവിന് കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷന് കോടതിയിലാവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് കേസ് ദുരഭിമാനക്കൊലയായി കണക്കാക്കാന്‍ കോടതി ഉത്തരവിടുന്നത്. കേരളത്തിലാദ്യമായാണ് ‘ദുരഭിമാനക്കൊല’യെന്ന് കണക്കാക്കി ഒരു കൊലക്കേസില്‍ വിചാരണ തുടങ്ങാന്‍ പോകുന്നത്.
മെയ് 28-നാണ് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുന്നത്. തലേന്ന് ഭാര്യ നീനുവിന്റെ സഹോദരനടക്കം കാറിലെത്തിയ നാലംഗസംഘം കെവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മര്‍ദ്ദിച്ച ശേഷം കെവിനെ ആറ്റില്‍ തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. കെവിന്റേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

