കോഴിക്കോട്: വഴി തെറ്റി നഗരത്തില്‍ കുടുങ്ങിയ യുവതിക്കും കുഞ്ഞിനും ഇവരെ അന്വേഷിച്ചിറങ്ങിയ കുഴഞ്ഞു വീണ ഭര്‍ത്താവിനും തുണയായി നടി സുരഭി ലക്ഷ്മിയുടെ കൃത്യസമയത്തുള്ള ഇടപെടല്‍. പൊലീസിനെ വിളിച്ച് യുവാവിനെ ആശുപത്രിയിലാക്കുകയും യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുകയും ചെയ്ത ശേഷമാണ് നടി മടങ്ങിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള വീട്ടില്‍ നിന്നും മനോദൗര്‍ബല്യമുള്ള യുവതി കുഞ്ഞിനെയും കൊണ്ട് പുറത്തു പോവുകയായിരുന്നു. എന്നാലിവര്‍ ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ചെത്തിയില്ല.
തുടര്‍ന്ന് ഭര്‍ത്താവ് ഇളയ കുഞ്ഞിനെയും കൂട്ടി ജീപ്പില്‍ ടൗണില്‍ അന്വേഷിച്ചിറങ്ങി. രണ്ട് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. എന്നാല്‍ ഇരുട്ടും വരെ തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനായില്ല. ഒടുവില്‍ പൊലീസില്‍ പരാതി നല്കി വീട്ടിലേക്ക് മടങ്ങി. ഇതിനിടയില്‍ വഴിയറിയാതെ കുടുങ്ങിയ യുവതിയും കുഞ്ഞും മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി. സംസാരത്തില്‍ അസ്വഭാവികത തോന്നിയതോടെ ഇരുവര്‍ക്കും ഭക്ഷണം നല്കി സ്റ്റേഷനില്‍ ഇരുത്തി. യുവതിയുടെ പക്കല്‍ നിന്നും ഭര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ചു. കാര്യം പറഞ്ഞു കഴിയുമ്പോഴേക്കും ഫോണ്‍ ഓഫായി.
ഒടുവില്‍ ഇളയ കുഞ്ഞിനെയും സുഹൃത്തുക്കളെയും കൂട്ടി ഇയാള്‍ രാത്രി പൊലീസ് സ്റ്റേഷനിലേക്ക് ജീപ്പില്‍ പുറപ്പെട്ടു. രാത്രി 10 മണിയോടെ തൊണ്ടയാട് മേല്‍പ്പാലത്തിന് താഴെയെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട് വാഹനത്തില്‍ കുഴഞ്ഞു വീണു. ഒപ്പമുള്ള കൂട്ടുകാര്‍ക്ക് ഡ്രൈവിങ് അറിയില്ലായിരുന്നു.
ഡ്രൈവിംഗ് അറിയാത്ത സുഹൃത്തുക്കള്‍ ഉടന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി സഹായത്തിന് അഭ്യര്‍ത്ഥിച്ചുവെങ്കിലും അതുവഴി പോയ വാഹനങ്ങളൊന്നും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അതുവഴി പോയ സുരഭി ലക്ഷ്മിയുടെ ശ്രദ്ധയില്‍ ഇവര്‍ പെടുകയും താരം വണ്ടി നിര്‍ത്തി പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവിനേയും സുഹൃത്തുക്കളേയും കൂട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയി.
യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനേയും കൊണ്ട് സുരഭി പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയേയും സുരക്ഷിതയാക്കി. കുഞ്ഞിനെ സ്റ്റേഷനിലുള്ള അമ്മ തിരിച്ചറിയുകയും ചെയ്തു.


